Friday, 1 July 2016

എന്റെ പ്രണയം


" എടാ നീ ആരേയും പ്രേമിച്ചിട്ടില്ലേ, എഞാ നിനക്കു ഇതുവരെയായിട്ടും ലൈന്‍ ഒന്നും ഇല്ലാത്തതു?" .......... നീനയുടെ വകയാണു ചോദ്യം, അമ്മാവന്റെ മകളാണു നീന, ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ഇങ്ങനെ നടക്കുന്നതു കണ്ടിട്ടു അവള്‍ക്കു കണ്ണുകടിയാണെന്നു. “ഒന്നും ഒത്തുവന്നില്ല, അതുകൊണ്ടു വേണ്ടെന്നു വച്ചു, മാത്രവുമല്ല, ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുകയാണെങ്കില്‍ അവളെ തന്നെ കെട്ടണം എന്നതാണു എന്റെ ആഗ്രഹം” ഞാന്‍ പറഞ്ഞു. അപ്പോള്‍ ഒരെണ്ണം ഒത്തു വരികയാണെങ്കില്‍ നോക്കാം അല്ലേ?, “ആ നോക്കാം” ഞാനും പറഞ്ഞു. സത്യത്തില്‍ അന്നുവരെയും ഞാന്‍ ഈ പ്രേമം എന്ന സംഗതിയെ അത്ര സീരിയസായി കണ്ടിരുന്നില്ല, ഉത്സവപറമ്പിലോ ബസ്സ്റ്റോപ്പിലോ മറ്റൊ ഒക്കെ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഒന്നു നോക്കും ചിലപ്പോഴൊക്കെ തിരിച്ചു അവിടെനിന്നും കടാക്ഷം ലഭിക്കുകയും ചെയ്യും. അതിനുമപ്പുറം ഒരുപെണ്‍കുട്ടിയുടെ പിറകേ ഞാന്‍ നടന്നിട്ടില്ലായിരുന്നൂ. പോരെങ്കില്‍ പ്രീ-ഡിഗ്രീക്കായിരുന്ന സമയ്ത്തു ഈ പ്രസ്ഥാനത്തിലേക്കിറങ്ങാന്‍ നോക്കിയിട്ടു കൂട്ടുകാരന്റെ ചതിമൂലം പിന്മാറേണ്ടതായും വന്നിട്ടുണ്ട്. അതുകൊണ്ട് അന്നു തീരുമാനിച്ചതാ ഇനി ഈ പ്രേമവും മണ്ണാങ്കട്ട യൊന്നും വേണ്ടാ അഥവാ ആരെയെങ്കിലും പ്രേമിക്കുകയാണേല്‍ അവളെ തന്നെ കെട്ടിയിരിക്കും എന്ന്. ബി. ഏ യുടെ തുടക്കത്തില്‍ വീണ്ടും ഒരു ശ്രമം നടത്തിയെങ്കിലും, ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു അദ്യാപകന്റെ മകളാണ് അവളെന്നറിഞ്ഞപ്പോള്‍ അതും വേണ്ടെന്നു വച്ചു. അങ്ങനെ നമ്മള്‍ ഇങ്ങനെ എല്ലാം മറന്നു ഒതുങ്ങികഴിയുമ്പോഴാണ് അവളുടെ ഒടുക്കത്തെ ചോദ്യം" നീ ആരേയും പ്രേമിച്ചിട്ടില്ലേ" എന്ന്.

ദിവസങ്ങള്‍ കടന്നുപോയി, അന്നു വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഞാന്‍ പതിവുപോലെ കൂട്ടുകാരുമൊരുമിച്ച് ക്ഷേത്രത്തില്‍ പോയി, ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചശേഷം പുറത്തിറങ്ങി നമ്മള്‍ നമ്മുടെ പതിവു കണ്ണെറിയല്‍ ചടങ്ങു ആരംഭിച്ചു. അന്നു നീനയുടെ ഒരു ഫ്രണ്ടിനെ അവിടെ വച്ചു കണ്ടു.തല്‍ക്കാലം നമുക്കവളെ 'ശില' എന്നു വിളിക്കാം. ഇതിനുമുമ്പ് ഒരുപാടു പ്രാവശ്യം ഞാന്‍ അവളെ കണ്ടിട്ടുണ്ട് പക്ഷേ അന്നൊന്നും തോന്നാത്ത എന്തൊ ഒരു ഇതു അന്ന് എനിക്ക് അവളോട് തോന്നി. അന്നു ഞാന്‍ രണ്ടുമൂന്നു തവണ അവള്‍ക്കു നേരെ കടാക്ഷമയച്ചു, തിരിച്ചു അവളും. അടുത്തദിവസം നീനയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ ചോദ്യം, "ടാ ഇന്നലെ നീ ക്ഷേത്രത്തില്‍ വച്ചു ശിലയെ കണ്ടിരുന്നു അല്ലേ?". ഞാന്‍ ഒന്നു ഞെട്ടി, ദൈവമേ, അവള്‍ വല്ലതും പറഞ്ഞുകാണുമോ?, " ടാ നിനക്കവളെ ഇഷ്ടമാണോ?, ആണെങ്കില്‍ ഞാന്‍ അവളോടു പറഞ്ഞു ആ ലൈന്‍ അങ്ങു ക്ലീയറാക്കിത്തരാം". "അയ്യോ വേണ്ടായേ, ഞാന്‍ ഇങ്ങനെ ഒക്കെ അങ്ങു കഴിഞ്ഞുപൊയ്ക്കോളാം". ഞാന്‍ ഒഴിഞ്ഞുമാറാന്‍ നോക്കി, പക്ഷേ അവള്‍ വിടാന്‍ തയ്യാറല്ലായിരുന്നൂ. ഒടുവില്‍ അവളുടെ പൂര്‍ണപിന്തുണയോടുകൂടി ശിലയെ ഒന്നു പ്രേമിച്ചുകളയാം എന്നു ഞാനും കരുതി.

പിന്നെ കാര്യങ്ങള്‍ എല്ലാം വളരെ വേഗത്തിലായിരുന്നൂ. ഇടയ്ക്കിടക്കു കോളേജില്‍ വച്ചു തമ്മില്‍ കാണുമ്പോള്‍ നമ്മള്‍ രണ്ടുപേരേയും ചേര്‍ത്തുകൊണ്ടു നീനയുടെ വക ചില കമറ്സുകളും, ആ കമന്റ്സുകള്‍ ശിലയും ആസ്വദിക്കുന്നുണ്ടായിരുന്നൂ. ഒടുവില്‍ ശിലയുടെ ലാന്റ് ഫോണ്‍ നമ്പര്‍ നീന എനിക്കു തന്നു, എന്റെ ലാന്റ് ഫോണ്‍ നമ്പര്‍ അവള്‍ക്കും കൊടുത്തു. പിന്നെ കോളുകളുടെ, സോറി മിസ്കോളുകളുടെ ഒരു ബഹളം തന്നെ ആയിരുന്നൂ. ചിലപ്പോഴൊക്കെ അവളുടെ "ഹലോ" കേള്‍ക്കാന്‍ വേണ്ടിമാത്രം ഞാന്‍ അവള്‍ക്കു ഫോണ്‍ ചെയ്യുമായിരുന്നൂ.... തിരിച്ചും അങ്ങിനെ തന്നെ, ഹലോ എന്നതിനപ്പുറം ആരും ഒന്നും സംസാരിക്കില്ല. അങ്ങിനെ റൂട്ട് ഏറെക്കുറെ ക്ലീയര്‍ ആയി. പക്ഷേ അപ്പോഴും ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയിരുന്നൂ.ഇങ്ങനെ ഒരു ബന്‍ഡം വേണമോ?, കാരണം ഒരു സമയം കൊല്ലി പ്രേമത്തില്‍ എനിക്കു താല്പ്പര്യമില്ലായിരുന്നൂ, പോരെങ്കില്‍ ശിലക്കാണെങ്കില്‍ കല്ല്യാണപ്രായവും, എങ്ങിനെ ആയാലും ഒരു ആറ്- ഏഴ് വര്‍ഷങ്ങള്‍ കഴിയാതെ എനിക്കു വിവാഹത്തെ കുറിച്ചു ചിന്തിക്കാനും കഴിയില്ലാ.
ഒടുവില്‍ നീനയുടെ നിര്‍ബ്ബന്‍ഡം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ ഒരു ദിവസം ശിലയോട് സംഗതി തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങിനെ ഒരു ദിവസം നീനയുടെ വീട്ടില്‍ നിന്നും ശിലക്കു ഫോണ്‍ ചെയിതു. നീനയുടെ ശബ്ദം തിരിച്ചറുയുമെന്നതിനാല്‍ അവളുടെ അനിയത്തിയെ കൊണ്ടാണു ഫോണ്‍ ചെയ്യിപ്പിച്ചതു, ശിലയെ ലൈനില്‍ കിട്ടിയപ്പോള്‍ എനിക്കുത്ന്നു. ഉള്ളില്‍ ചെറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നൂ. അങ്ങേതലക്കല്‍ നിന്നും അവളുടെ "ഹലോ", "ശില അല്ലേ" അവള്‍ തന്നെ യാണെന്നു ഒന്നുകൂടി ഉറപ്പിച്ചു, "അതേ" അവിടെനിന്നും മറുപടിയും കിട്ടി. പിന്നെ ഒന്നും ചിന്തിച്ചില്ലാ വെട്ടിത്തുറന്നങ്ങു പറഞ്ഞു..."എനിക്കിന്നെഇഷ്ടാണ് ", " എന്തോന്ന്?" മറുതലക്കല്‍ നിന്നും ഒരു ചോദ്യം, എനിക്കു സംഗതി പിടികിട്ടി, പൊതുവേ അന്നൊക്കെ ഞാന്‍ ഇത്തിരി ഫാസ്റ്റായിട്ടായിരുന്നൂ സംസാരിച്ചിരുന്നത്, പോരെങ്കില്‍ ടെന്‍ഷനും, ഞാന്‍ പറഞ്ഞതു അവള്‍ക്കു മനസിലായിട്ടുണ്ടാകില്ലാ, നിര്‍ത്തി നിര്‍ത്തി പറഞ്ഞാലല്ലേ കേള്‍ക്കാനും സുഖമുണ്ടാവുകയുള്ളൂ..........അങ്ങിനെ ഞാന്‍ ശ്വാസമെടുത്ത് നിര്‍ത്തി നിര്‍ത്തി പറഞ്ഞു " എനിക്ക്........നിന്നെ.....ഇഷ്ടമാണ് ". ഓരോ വാക്കിനിടയിലും ഓരോ ശ്വാസം. "നിങ്ങള്‍ ആരാ?" അതൊക്കെ പിന്നെ പറയാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ഏറെ വൈകും മുന്നേ തന്നെ ശില നീനയെ വിളിച്ചു, ശിലയാണെന്നു മനസിലാക്കിയപ്പോള്‍ അവള്‍ ഫോണ്‍ ഹാന്‍ഡ്സ്ഫ്രീ മോഡിലാക്കി. " എടീ ഇന്നു എന്നെ ഒരുത്തന്‍ ഫോണില് വിളിച്ചിട്ടു എന്നെ ഇഷ്ടമാണെന്നു പറഞ്ഞു.....ആരാണെന്നു ചോതിച്ചിട്ടു പറഞ്ഞില്ലാ.....ആരായാലും അവന്‍ ഒരു പേടിതൊണ്ടന്‍ ആണെന്നു ഉറപ്പാണു". "അതു നിനക്കെങ്ങിനെ മനസിലായി?", " അല്ലാ അവന്റെ കിതയ്പ്പു എനിക്കു ഇങ്ങു കേള്‍ക്കാമായിരുന്നൂ"......ദൈവമേ, ഞാന്‍ ഓരോ വാക്കിനിടയിലും ശ്വാസമെടുത്തതു അവള്‍ കിതപ്പാണെന്നു ധരിച്ചു അവളെയും കുറ്റം പറയാന്‍ പറ്റില്ലാ അത്രക്കു മനോഹരമായിരുന്നില്ലേ എന്റെ പെര്‍ഫോമന്‍സ്. എന്നിട്ടും ഞാന്‍ തകര്‍ന്നില്ല പക്ഷേ അവളുടെ അടുത്ത വാക്കു കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോയി......."എടീ ഇനി അതു അനി ആയിരിക്കുമോ (എന്നെ വീട്ടില്‍ അനി എന്നാണു വിളിക്കുന്നതു, അവളും) ഏയ് അനി ആയിരിക്കില്ലാ അനിക്കു കുറച്ചു കൂടെ ധൈര്യമുണ്ട്..........." അവള്‍ അതു പറയുമ്പോള്‍ അവള്‍ക്കറിയില്ലായിരുന്നൂ.........ധീരനായ അനി നിര്‍വികാരനായി അതു കേട്ടുകൊണ്ടിരിക്കുകയാണെന്നു.............

No comments:

Post a Comment