പ്രീയപ്പെട്ടവരെ എല്ലാം ഉപേക്ഷിച്ച് അവളോടൊപ്പം പോകുമ്പോള്‍ എന്‍റെ മനസിലാകെ ഒരു കുളിര്‍മ ആയിരുന്നൂ, എന്തൊക്കെയോ നേടിയതിന്‍റെ ഒരു സമാധാനം ആയിരുന്നൂ. ഇനിയൊരിക്കലും തന്‍റെ പ്രീയപ്പെട്ടവര്‍ക്കടുത്തെത്താന്‍ കഴിയില്ലാ എന്ന ഓര്‍മ ഒത്തിരി വേദനപ്പെടുത്തിയെങ്കിലും, ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നൂ. വളരെയേറെയായി മനസിലിട്ട് താലോലിച്ചിരുന്നൊരു മോഹമായിരുന്നൂ ഈ സമാഗമം. കൌമാരത്തില്‍ പലപ്പോഴായി പല മുഖങ്ങളെയും ഇഷ്ട പെട്ടെങ്കിലും, ആരുടെയും പ്രണയം സമ്പാദിച്ചിരുന്നില്ല, എന്‍റെ മോഹങ്ങളെല്ലാം വെറും മോഹങ്ങള്‍ മാത്രമായി അവസാനിക്കുകയായിരുന്നൂ. ആദ്യമായിട്ടാ എന്‍റെ പ്രണയം സഫലീകരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ എന്‍റെ സുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ല, അതിനു കഴിഞ്ഞിട്ടില്ല എന്നതാവാം സത്യം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൂടി കൂടി വന്നപ്പോള്‍ എനിക്കൊരിക്കലും സ്വന്തം കാര്യം നോക്കാന്‍ കഴിഞ്ഞിട്ടില്ലാ. എന്നും കണക്കുകൂട്ടലുകള്‍ മാത്രമായിരുന്നൂ ആകെയുള്ള ഒരു കൂട്ട്. കണക്ക് കൂട്ടലുകളൊന്നും ശരിയായില്ലെങ്കിലും പിന്നെയും കൂട്ടിക്കൊണ്ടിരുന്നൂ എന്നെങ്കിലുമൊരിക്കല്‍ എന്‍റെ കണക്ക് കൂട്ടലും ശരിയാവുമെന്ന പ്രതീക്ഷയില്‍.
എന്‍റെ ഓര്‍മകളിലെല്ലാം തന്നെ ഞാന്‍ അവളെ വെറുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പ്രീയപ്പെട്ടവരെ എല്ലാം എന്നില്‍ നിന്നും അകറ്റിയ അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാന്‍ കഴിയുമായിരുന്നില്ലാ. തനിക്ക് ഇഷ്ടം തോന്നുന്നവരോടെല്ലാമൊപ്പം രമിക്കുന്ന അവളോട് എനിക്ക് അറപ്പും വെറുപ്പും ആയിരുന്നൂ. തന്നെ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം ആല്ലാ മറിച്ച്, താന്‍ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം മാത്രമേ രമിക്കൂ എന്നതാ അവളെ ഒരു വേശ്യ എന്ന് വിളിക്കാന്‍ എന്നെ പ്രേരിപ്പിക്കാത്തത്. ജീവിതത്തിന്‍റെ പല ഘട്ടങ്ങളില്‍ പലരും അവളോടൊപ്പം രമിക്കാന്‍ കൊതിച്ചിട്ടുണ്ടാവാം, എന്നാല്‍ അവള്‍ തനിക്കിഷ്ടപ്പെട്ടവരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ. ഭോഗത്തിന്‍ പ്രായം ഒരു പ്രശ്നമേ അല്ലാ എന്നത് ഞാന്‍ അറിയുന്നത് അവളിനിന്നാണ്‍ . ഞാനും എങ്ങിനൊക്കെയോ അവളെ പ്രേമിച്ച് തുടങ്ങുവായിരുന്നൂ, അവളെ പരിണയിച്ചാല്‍ പിന്നീടൊരിക്കലും എനിക്ക് പഴയത് പോലെ ആവാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും എന്‍റെ ഈ ജീവിതം തന്നെ ഞാന്‍ അവള്‍ക്ക് അടിയറവെയ്ക്കേണ്ടി വരുമെന്നറിഞ്ഞിട്ടും, എന്നിട്ടും ഞാനെന്തിനത് ചെയിതൂ? കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന പെങ്ങള്‍മാരെ കെട്ടിച്ചയക്കാന്‍, സ്വന്തമായി ഒരു വീട് എന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍, അച്ഛന്‍റെ ചികിത്സ മുടങ്ങാതിരിക്കാന്‍ എനിക്ക് അവളെ സ്വീകരിക്കാതെ തരമില്ലായിരുന്നൂ. ഒത്തിരി ആലോചിച്ചതിനു ശേഷം ആണ്‍ ആ തീരുമനം എടുത്തത്. പിന്നെ എങ്ങിനെയും അവളെ എന്നില്‍ അനുരക്തയാക്കാനുള്ള ശ്രമമായിരുന്നൂ. അതും പക്ഷേ ഞാനായിട്ട് ഒരിക്കലും അങ്ങോട്ട് കയറി ചെന്നതല്ലാ, മറിച്ച് ഞാന്‍ അവളുടെ ചതിയില്‍ വീണു പോയതാണെന്ന് എനിക്ക് എല്ലാരെയും ബോധ്യപ്പെടുത്തുകയും വേണമായിരുന്നൂ. അതുകൊണ്ട് തന്നെയാണ്‍ അവള്‍ക്കിണയാവാന്‍ തീരുമാനിച്ചിട്ടും പിന്നെയും നല്ലൊരു അവസരത്തിനായി ഞാന്‍ കാത്തിരുന്നത്. ഒടുവില്‍ ഇന്നാണ്‍ അതിനൊരു അവസരം കിട്ടിയത്, ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന ഒരു തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിക്കടിയിലേക്ക് ഞാന്‍ അറിഞ്ഞുകൊണ്ട് തന്നെ എന്‍റെ ബൈക്ക് ഓടിച്ച് കയറുകയായിരുന്നൂ. ഭാഗ്യം, അവള്‍ എന്നെ കൈവിട്ടില്ലാ, ഒന്നോ രണ്ടോ മിനുട്ടുകള്‍, അതിനപ്പുറം എനിക്ക് അവള്‍ക്കായി കാത്തിരിക്കേണ്ടി വന്നില്ലാ, അവളണിയിച്ച മരണമാല്യം കഴുത്തിലേറി അവളുടെ പിന്നാലെ പോവുമ്പോളും എന്‍റെ മനസില്‍ കണക്കു കൂട്ടലുകള്‍ നടക്കുകയായിരുന്നൂ, വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും, എല്‍. ഐ. സി. യില്‍ നിന്നുമെല്ലാം എന്‍റെ വീട്ടുകാര്‍ക്ക് ലഭിക്കാന്‍ പോകുന്ന തുകയെ കുറിച്ച് ......... ഈ കണക്ക് കൂട്ടലെങ്കിലും ശരിയായാല്‍ മതിയായിരുന്നൂ..............!!
No comments:
Post a Comment