“ടാ നിനക്കു പേടിയുണ്ടോ”? അവന്‍ അങ്ങിനെ ചോദിക്കുവാന്‍ മാത്രം എന്റെ മുഖത്ത് പരിഭ്രമം ഉണ്ടായിരുന്നോ?, അവന്‍ വെറുതേ ചോദിച്ചതാവും, "ഏയ് സ്റ്റേഷനില്‍ അവര്‍ കാത്തുനില്‍ക്കും, പിന്നെ ട്രയിനകത്ത് എന്തു പേടിക്കാനാ" ഞാന്‍ പറഞ്ഞു. "ട്രയിന്‍ വരുന്നുണ്ട് അവിടെ എത്തിയാല്‍ ഉടനേ വിളിക്കണം കേട്ടോ, നമ്മല്‍ കാത്തിരിക്കും, പിന്നെ, മറക്കേണ്ടാ 24 നാണ് നാട്ടിലേക്കുള്ള ട്രയിന്‍ കസിനും കുടുംബത്തിനുമൊപ്പം അടിച്ചുപൊളിച്ചിട്ട് ട്രയിന്‍ മിസ്സാവേണ്ടാ", "ഇല്ലെടാ അതു ഞാന്‍ മറക്കുമോ, ശെരി എന്നാല്‍ പിന്നെ.... 24നു കാണാം" അതും പറഞ്ഞു ഞാന്‍ ട്രയിനുള്ളിലേക്കു കയറി. ജനറല്‍ കമ്പാര്‍ട്ടുമെന്റാണ് റിസര്‍ വേഷനു ട്രൈ ചെയിതെങ്കിലും കിട്ടിയില്ലാ. ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ ഗുണം അതിനുള്ളില്‍ കയറിയപ്പോള്‍ തന്നെ മനസിലായി. എന്തൊരു തിരക്കാ, ട്രയിനുള്ളിലേക്കു കാലെടുത്തു വച്ച ഓര്‍മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ, ഞാന്‍ ഓട്ടോമെറ്റിക്കായി ഉള്ളിലേക്കു നീങ്ങിപ്പോയി.
നാട്ടില്‍ നിന്നും ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഡെല്‍ഹിക്കു വന്നതായിരുന്നു നമ്മള്‍ ഏഴു പേര്‍. വര്‍ക്കലയില്‍ നിന്നും ഡെല്‍ഹി വരെ അടിച്ചു പൊളിച്ചുള്ള മഹത്തായ യാത്ര. അങ്ങോട്ടു പോകുംമ്പോള്‍ ഗ്വാളിയോര്‍ സ്റ്റേഷനില്‍ കസിനും കുടുംബവും കാത്തു നില്‍ക്കുന്നുണ്ടായിരുന്നൂ, കുടുംബം എന്നു പറയുമ്പോള്‍ കസിനും അവളുടെ ഹസ്ബന്റും, പിന്നെ രണ്ടുവയസായ ഒരു കുട്ടിയും. അന്നു അവര്‍ ക്ഷണിച്ചതാ തിരിച്ചു പോരുമ്പോള്‍ എല്ലാപേരും ഗോളിയറിലെ അവരുടെ വീട്ടില്‍ കൂടി വരാന്‍ അവിടെ നിന്നും താജ്മഹളും മറ്റുമൊക്കെ കറങ്ങിക്കാണാം എന്ന്. എന്നാല്‍ കസിനെയൊന്നും എന്റെ ഫ്രണ്ടിനു പരിചയമില്ലാത്തതിനാല്‍ അവര്‍ക്കു വരാന്‍ ഒരു മടി, ഞാന്‍ ഒത്തിരി പറഞ്ഞുനോക്കിയെങ്കിലും അവര്‍ വരാന്‍ തയ്യാറായില്ല. "നിങ്ങള്‍ ഇല്ലെങ്കില്‍ ഞാനും പോകുന്നില്ല" ഞാന്‍ പറഞ്ഞു. "അതു ശെരിയല്ലെടാ എന്തായാലും അവര്‍ വിളിച്ചതല്ലേ നീ രണ്ടു ദിവസം മുന്നേ പൊയ്ക്കോ, 24നു അവിടെ നിന്നും കയറിയാല്‍ മതിയല്ലോ" ഒടുവില്‍ അവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ ഒറ്റക്കു പോകാന്‍ സമ്മതിച്ചു, ഒറ്റ കണ്ടീഷന്‍ മാത്രം, താജ്മഹളും മറ്റും നമ്മള്‍ ഇവിടെനിന്നും ഒരു വണ്ടി വാടകയ്ക്കെടുത്ത് കറങ്ങിക്കാണും, അതിനു ശേഷമേ ഗ്വാളിയോറിലേക്കു പോകൂ. പിന്നെ നമ്മള്‍ ഒരു ഒമിനി വാന്‍ വാടകയ്ക്കെടുത്ത് ഡല്‍ഹിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും പിന്നെ താജ്മഹളും ഒക്കെ കറങ്ങി കണ്ടു. അവസാനം അവര്‍ എന്നെ ആഗ്ര സ്റ്റേഷനില്‍ കൊണ്ടു വന്നു വിട്ടു. ഇവിടെ നിന്നുമാണ് ഗ്വാളിയോറിലേക്കുള്ള യാത്ര.
സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഹിന്ദി ടീച്ചറെ കൊഞ്ഞനം കാണിച്ചു നടന്നതിന്റെ ഫലം ഡല്‍ഹിയിലെ ആ കുറച്ചു ദിവസങ്ങളിലും പിന്നെ ആ ട്രയിന്‍ യാത്രയിലും ഞാന്‍ നന്നായി അനുഭവിച്ചു. ട്രയിന്‍ നീങ്ങിത്തുടങ്ങി, എന്നെ കണ്ടപ്പോല്‍ തന്നെ അവര്‍ക്കു മനസിലായിരിക്കണം (കള്ളാനാണെന്നല്ല) ഞാന്‍ ഒരു ഹിന്ദിവാല അല്ലെന്ന്. ഒരുത്തന്റെ വക ചോദ്യം "കിഥര്‍ ജാറെ", "ഗോളിയോര്‍". മറുപടി പറഞ്ഞയുടനെ അടുത്ത ചോദ്യം "ഉഥര്‍ കിഥര്‍ ഹേ"? ചോദ്യം മനസിലായി പക്ഷേ ഉത്തരം പറയാന്‍ അറിയില്ലാ, ഞാന്‍ ഒന്നു ചിരിച്ചു. ട്രയിന്‍ ഗ്വാളിയോറിലെത്തുമ്പോള്‍
പറയണമെന്ന് ഞാന്‍ അയാളോട് ഇംഗ്ലീഷില്‍ പറഞ്ഞൂ, "ഹിന്ദി മാലൂം നഹീ ഹേ
ക്യാ.....?" അയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് എനിക്കു മനസിലായി.
പഠിക്കുന്ന സമയത്ത് ഹിന്ദി പഠിച്ചില്ലാ പിന്നെയാ ഇനി ഒരാഴ്ച്ചക്കുവേണ്ടി
ഞാന്‍ ഹിന്ദി പഠിക്കുന്നത് എന്ന് അയാളുടെ മുഖത്തുനോക്കി പറയണം
എന്നുണ്ടായിരുന്നൂ പക്ഷേ എങ്ങിനെ പറയും, ഞാന്‍ പറയുന്നത് അയാള്‍ക്കു
മനസിലാവില്ലല്ലോ. അപ്പോഴാണ് എന്റ് അടുത്ത് ടിപ്പ് ടോപ്പായി വേഷം ധരിച്ച
ഒരാളെ ഞാന്‍ കണ്ടത്, ഹാവൂ ആശ്വാസമായി ഇയാള്‍ക്ക് ഞാന്‍ പറയുന്നത്
മനസിലാവുമല്ലോ. ഞാന്‍ പതുക്കെ അയാളുടെ സൈഡിലേക്കു തിരിഞ്ഞു എന്നിട്ടു
അയാളോട് ഒരു ഗുഡീവനിംഗ് ഒക്കെ പറഞ്ഞു, അയാളും തിരിച്ചു വിഷ് ചെയിതു.
കൂടുതല്‍ മുഖവുര ഒന്നും ഇല്ലാതെ, ട്രയിന്‍ ഗ്വാളിയോറിലെത്തുമ്പോള്‍ എന്നെ
അറിയിക്കണമെന്ന് ഞാന്‍ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ അയാളോട് പറഞ്ഞു,
അപ്പോള്‍ അയാല്‍ എന്നെ നോക്കി ചിരിച്ചു. ദൈവമേ, ഇനിയിപ്പോ ഞാന്‍ പറഞ്ഞതു
തെറ്റാണോ? അതുകൊണ്ടാണോ അയാല്‍ ചിരിച്ചത്? വീണ്ടും ഒന്നുരണ്ട് തവണ ഞാന്‍ ആ
വാചകം മനസില്‍ പറഞ്ഞു നോക്കി, ഇല്ലാ തെറ്റിയിട്ടില്ലാ, അയാള്‍ക്ക് ആംഗലേയം
അറിയാത്തതു കൊണ്ടാണ് അയാല്‍ ചിരിച്ചതെന്നു തുടര്‍ന്നുള്ള സംസാരത്തില്‍
നിന്നും എനിക്കു മനസിലായി. തുടര്‍ന്ന് അയാള്‍ ഒന്നു കൂടി പറഞ്ഞു, അയാള്‍
പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിലും
അതിന്റെ രത്നചുരുക്കം ഇതായിരുന്നൂ
“നിനക്കു ഹിന്ദി അറിയത്തില്ലാ എനിക്കു ഇംഗ്ലീഷും....നീ പേടിക്കേണ്ടാ
ഗ്വാളിയോര്‍ എത്തുമ്പോള്‍ ഞാന്‍ പറയാം"
ഒരു ചേച്ചി അടുത്ത് വന്നിട്ട് ഹിന്ദിയില്‍ എന്തോ ചോദിച്ചൂ എനിക്കു ഒന്നും മനസിലായില്ലാ, അടുത്ത ചോദ്യം ഏതാണ്ട് മനസിലായി, "ജോബ് കിഥര്‍ ഹേ", നമ്മള്‍ക്ക് ഹിന്ദി തീരെ അറിയാന്‍ പാടില്ലാ എന്നു ചേച്ചി വിചാരിക്കരുതെല്ലോ, ജോലി എന്തെന്നായിരിക്കും ചോദിച്ചിട്ടുള്ളത്, ഞാന്‍ പറഞ്ഞു "ഗ്രാഫിക് ഡിസൈനെര്‍", ചേച്ചി ചെറുതായി ഒന്നു ഞെട്ടി, "ഡിസ്ട്രിക്ട്, ഡിസ്ട്രിക്ട്" ചേച്ചി പിന്നേയും പറഞ്ഞൂ അപ്പോള്‍ എനിക്കു കാര്യം മനസിലായി, " ട്രിവാന്‍ഡ്രം" ഞാന്‍ പറഞ്ഞു. (ആ ചേച്ചി അന്നു ചോതിച്ചത് "ജോബ് കിഥര്‍ ഹേ" എന്നല്ലന്നും, മറിച്ച് "ഗാവ് കിഥര്‍ ഹേ" എന്നാവുമെന്നും പിന്നീടാണ് ഞാന്‍ മനസിലാക്കുന്നത്). ഞാന്‍ ഇടക്കിടക്ക് ട്രയിന്റെ വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നൂ, എവിടെയെങ്കിലും ഗ്വാളിയോര്‍ എന്ന ബോര്‍ഡ് കാണുന്നതിനു വേണ്ടി, പക്ഷേ എങ്ങും കുറ്റാകൂരിരിട്ടുമാത്രം. പിന്നേം ആരൊക്കെയോ എന്തൊക്കെയോ ചോതിക്കുന്നുണ്ടായിരുന്നൂ. ചിലതൊന്നും മനസിലായതേ ഇല്ലാ, മനസിലായതിനു മറുപടി പറയാനും അറിയില്ലാ. എന്തായാലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേ ട്രയിന്‍ ഗ്വാളിയോര്‍ സ്റ്റേഷനിലെത്തി.
സ്റ്റേഷനിലിറങ്ങിയ ഉടനേ തന്നെ ബിജു അണ്ണനെ (കസിന്റെ ഹസ്ബന്റ്) കണ്ടതു കൊണ്ടു കൂടുതല്‍ ടെന്‍ഷനടിക്കേണ്ടിവന്നില്ല. വീട്ടിലെത്തിയപ്പോള്‍ നേരം ഇത്തിരി വൈകിയെങ്കിലും പിന്നെയും നമ്മള്‍ ഒത്തിരിനേരം സംസാരിച്ചിരുന്നൂ. പിറ്റേന്ന്
പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞു നമ്മള്‍ ചെറുതായി ഒന്നു കറങ്ങാന്‍ പോയി, ചെറിയ രീതിയില്‍ ഒരു ഷോപ്പിങ്ങും. അന്നു വൈകുന്നേരം അവിടെ അടുത്തുള്ള ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ നമ്മള്‍ പോയി. അത് ഒരു ചെറിയ പാര്‍ക്കായിരുന്നൂ. വൈകുംന്നെരം 5 മണിക്ക് ശേഷം മാത്രമേ അത് ഓപ്പണാവുകയുള്ളൂ. അവിടേക്കു പോകുന്ന വഴിക്കും അവിടെ വച്ചും "ഡ്രാഗന്‍ വീല്‍" എന്ന ഒരു സംഗതിയെ കുറിച്ച് കസിന്‍ വാ തോരാതെ സംസാരിച്ചു അതില്‍ കയറരുതെന്നും കയറിയാല്‍ തലകറക്കം വരുമെന്നും അവള്‍ പറഞ്ഞു. ആ പാര്‍ക്കിനകത്ത് ഒരു റെസ്റ്റോറന്റ് ഉണ്ടെന്നും അവിടത്തെ ഗുലാം കേക്ക് വളരെ നല്ലതാണെന്നും അതു കഴിക്കാന്‍ വേണ്ടിമാത്രമാണ് മിക്കപ്പോഴും അവള്‍ അവിടെ പോകുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പ് ഒന്നു രണ്ട് തവണ ബ്ലാക്ക് തണ്ടറിലും വീഗാലാന്റിലുമൊക്കെ പോയിട്ടുള്ള എനിക്ക് ആ പാര്‍ക്കും ഡ്രാഗന്‍ വീലും അത്ര വലിയ സംഭവമായി തോന്നിയില്ലാ. അവിടെ ഏറേക്കുറെയുള്ള എല്ലാ ഐറ്റത്തിലും ഞാന്‍ കയറി, ഇനി രണ്ടെണ്ണം മാത്രമേ ബാക്കിയുള്ളൂ, ഒന്ന് ഡ്രാഗന്‍ വീല്‍, രണ്ടാമത്തേത് ഒട്ടകത്തിന്റെ പുറത്ത് ഒരു സവാരി. "അനി അടുത്തത് ഏതു വേണം, ഒട്ടകമോ ഡ്രാഗന്‍ വീലോ" ബിജു അണ്ണന്‍ ചോതിച്ചു, " ആദ്യം ഡ്രാഗന്‍ വീല്‍ പിന്നെ ഒട്ടകം" ഞാന്‍ പറഞ്ഞു. അവളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ധീരനായി ഞാന്‍ ഡ്രാഗന്‍ വീലിനു സമീപത്തേക്കു നടന്നൂ. എനിക്കു വരാന്‍ പോകുന്ന വിധിയോര്‍ത്ത് കസിനും ബിജുഅണ്ണനും അവിടെ നിന്നു.
എന്നോടൊപ്പം അതില്‍ കയറിയ മിക്കവാറും എല്ലാപേരും പെണ്‍കുട്ടികള്‍ ആയിരുന്നൂ. സംഭവം കറങ്ങിതുടങ്ങിയപ്പോള്‍ പെണ്‍പിള്ളേരെല്ലാം കിടന്നു കരയാനും തുടങ്ങി അന്നേരമെല്ലാം ഞാന്‍ ധീരനായി അങ്ങിനെ ഇരിക്കുകയാണ്. ഒരോ റൗണ്ട് കഴിയുമ്പോഴും ഞാന്‍ ഓക്കേയാണ് എന്ന് കാണിക്കുന്നതിനുവേണ്ടി ഞാന്‍ താഴെ എന്നെ നൊക്കി നിന്നവരെ നോക്കി കയ്യെടുത്തു കാണിക്കുന്നുണ്ടായിരുന്നൂ. കണ്ണിനു കൂടുതല്‍ സ്ട്രയിന്‍ കൊടുത്തതു കൊണ്ടാണെന്നു തോന്നുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് തലകറങ്ങിതുടങ്ങി. എനിക്കു വന്ന മാറ്റം അവര്‍ അറിയുന്നുണ്ടായിരുന്നൂ. ഇപ്പോള്‍ പെണ്‍പിള്ളേരുടെ കരച്ചിലില്ലാ എല്ലാവരും കൈകൊട്ടി ചിരിക്കുകയാണ്, ഞാന്‍ ഒഴികേ എല്ലാവരും അതുമായി പൊരുത്തപ്പെട്ടു. എനിക്കാണേല്‍ ഇതു എങ്ങിനെയെങ്കിലും തീര്‍ന്നാല്‍ മതി എന്ന അവസ്ഥയായി. ഒടുവില്‍ അതു നിന്നപ്പോഴേക്കും ഞാന്‍ ഒരു പരുവമായിരുന്നൂ. താഴെ ഇറങ്ങുമ്പോള്‍ കാലു നിലത്തുറക്കുന്നില്ലാ എല്ലാം കറങ്ങുന്നതു പോലെ ഒരു തോന്നല്‍. എങ്കിലും ഒന്നും അവരെ അറിയിക്കാതെ എനിക്കാനുന്ന വിധത്തില്‍ നല്ലരീതിയില്‍ നടക്കാന്‍ ഞാന്‍ ശ്രെമിച്ചൂ."എങ്ങിനെയുണ്ടായിരുന്നെടാ" അവള്‍ അതു ചോദിക്കുമ്പോള്‍ "കൊള്ളാം" എന്ന ഒറ്റ വാക്കില്‍ ഞാന്‍ മറുപടി പറഞ്ഞു. കൂടുതല്‍ സംസാരിച്ചാല്‍ ഞാന്‍ വാളു വെയ്ക്കുമോ എന്നതായിരുന്നു എനിക്ക് സംശയം.
"ഇനി ഒട്ടകത്തിന്റെ പുറത്തുകയറാം വാ" അവള്‍ വിളിച്ചു. ദൈവമേ ഇനി അതും, വേണ്ടാ എന്നു പറയാന്‍ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ലാ. അങ്ങനെ നമ്മള്‍ ഒട്ടകത്തിന്റെ പുറത്ത് കയറാന്‍ പോയി. ദൈവം ഉണ്ട് എന്നു പറയുന്നത് വെറുതേ അല്ലെന്ന് എനിക്ക് അന്നു മനസിലായി. എന്തോ ചില കാരണങ്ങളാല്‍ അന്നു ഒട്ടക സവാരി ഇല്ലാത്രേ, നന്നായി അല്ലായിരുന്നേ ഞാന്‍ ചിലപ്പോള്‍ ഇന്നുണ്ടാകുമായിരുന്നില്ല, എനിക്കു അത്ര ഭയങ്കരമായി തലകറക്കം അനുഭവപ്പെടുന്നുണ്ടായിരുന്നൂ. അഭിമാനം ഓര്‍ത്ത് ഞാന്‍ അതു പറഞ്ഞില്ലാ. പിന്നെ നമ്മള്‍ ഗുലാം കേക്ക് കഴിക്കാനായി റെസ്റ്റോറണ്ടില്‍ പോയി. വെയിറ്റര്‍ മൂനു ട്രേകളിലായി ഗുലാംകേക്ക് കൊണ്ടു വന്നു വച്ചു. പാത്രത്തില്‍ കൊഴുകൊഴാന്നിരിക്കുന്ന ഗുലാം കേക്കും അതിന്റെ നീരും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഇപ്പോള്‍ വാളുവെക്കുമെന്ന് എനിക്കു തോന്നി. ഒരു ചായ മാത്രം കഴിച്ചുകൊണ്ട് എങ്ങിനെയെങ്കിലും ഞാന്‍ അവിടെ നിന്നും എണീറ്റു. എന്റെ അവസ്ഥ മോശമാണെന്നെ അവര്‍ മനസിലാക്കിയിരുന്നെങ്കിലും ഇത്രയും പരിതാപകരമാണെന്ന് അപ്പോഴാ അവര്‍ ശെരിക്കും മനസിലാക്കുന്നത്. അന്നു പിന്നെ റൂമിലെത്തിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ..................
No comments:
Post a Comment