Friday, 1 July 2016

ഒരു പ്രവാസിയുടെ മരണക്കുറിപ്പ്‌


സെണ്ട്രല്‍ ജയിലിന്‍റെ വാതില്‍ കടന്ന് പുറത്തിറങ്ങിയപ്പോള്‍ അയാല്‍ അറിയാതെ ഒന്ന് നെടുവീര്‍പ്പെട്ടു. നീണ്ട പത്ത് വര്‍ഷങ്ങളായി അയാളുടെ ജിവിതം അതിനുള്ളില്‍ തന്നെയായിരുന്നൂ. ഈ കാലത്തിനിടയ്ക്ക് ബന്ധുക്കളും ജയിലിലെ ജീവനക്കാര്‍ പോലും അയാളെ ഒത്തിരി നിര്‍ബ്ബന്ധിച്ചിട്ടും ഒരിക്കല്‍ പോലും ഒരു പരോളിന്‍ അപേക്ഷിക്കാന്‍ അയാള്‍ തയ്യാറായില്ലാ. അയാളുടെ പാവം അമ്മ നല്‍കിയ നിവേദനങ്ങളുടേയും, ജയിലിലെ അയാളുടെ നല്ല നടപ്പിന്‍റേയും ഫലമായി ജീവ പര്യന്തം പത്ത് വര്‍ഷമായി കുറയ്ക്കപ്പെടുകയായിരുന്നൂ. ജയിലില്‍ നിന്നും ഇറങ്ങുമ്പോഴും, ബസ്റ്റോപ്പിലേക്കുള്ള യാത്രയിലുമെല്ലാം അയാളുടെ മുഖം നിര്‍വ്വികാരമായിരുന്നൂ, പത്ത് വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ നിന്നും മോചനം നേടിയതിന്‍റെ നേരിയ ഒരു സന്തോഷം പോലും ആ മുഖത്തില്ലായിരുന്നൂ. അയാള്‍ നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ട് മാത്രമാണ്‍ അയാളെ കൂട്ടിക്കൊണ്ട് പോകുവാന്‍ അയാളുടെ ബന്ധുക്കള്‍ ആരും തന്നെ വരാതിരുന്നത്. ഈ ഒരു ദിവസത്തിനായി ആ കുടുംബം കാത്തിരിപ്പ്  തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിരുന്നൂ. സാഹചര്യം അയാളെ ഒരു കൊലപാതകിയാക്കിയെങ്കിലും അയാളെ വെറുക്കുവാനോ ഉപേക്ഷിക്കുവാനോ ഒരിക്കലും അവര്‍ക്കാവുമായിരുന്നില്ല, അയാള്‍ എന്നും അവര്‍ക്ക് പ്രീയപ്പെട്ടവനായിരുന്നൂ.

          ബസ്റ്റോപ്പില്‍ നാട്ടിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ മൂന്നു നാലെണ്ണം ഉണ്ടായിരുന്നെങ്കിലും അയാള്‍ അവസാനം കിടന്ന ഒരു ഓര്‍ഡിനറി ബസില്‍ കയറി, കുറച്ച് നേരം അയാള്‍ അതില്‍ ഏകനായി ഇരുന്നു, ഇപ്പോള്‍ അയാളുടെ ഏറ്റവും അടുത്ത ചങ്ങാതിയും ഏകാന്തതയാണ്‍ . പതിയെ ബസില്‍ യാത്രികര്‍ നിറയാന്‍ തുടങ്ങി.അയാള്‍ ടിക്കറ്റെടുത്തതും പൈസാ കൊടുത്തതുമെല്ലാം യാന്ത്രികമായിട്ടായിരുന്നൂ. പതിയെ ബസ് നീങ്ങിത്തുടങ്ങി. റോഡില്‍ നല്ല തിരക്കായിരുന്നൂ, പത്ത് വര്‍ഷം കൊണ്ട് നോഡും നഗരവുമെല്ലാം ഒത്തിരി മാറിയിരിക്കുന്നൂ. രണ്ടായിരത്തി പതിനൊന്നില്‍ നിന്നും രണ്ടായിരത്തി ഇരുപത്തി ഒന്നിലേക്കുള്ള ദൂരം വലിയ മാറ്റങ്ങള്‍ നല്കി നഗരത്തിന്‍. റോഡ് സൈഡുകളില്‍ മരങ്ങള്‍ക്കു പകരം കൂറ്റന്‍ കെട്ടിടങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നൂ. ഇപ്പോള്‍ ബസ് നഗരം പിന്നിട്ടിരിക്കുന്നൂ, നിരത്തിലെ തിരക്കിനും അൽപ്പം ശാന്തി ഉണ്ട്. ജനല്‍കമ്പികളില്‍  തല തായ്ച്ച് അയാള്‍ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നൂ. റോഡ് സൈഡിലുണ്ടായിരുന്ന മരങ്ങള്‍  അയാളുടെ കഴ്ച്കയെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നൂ ഒപ്പം അയാളുടെ മനസിനേയും……….

          അവന്‍റെ വിവാഹം നല്ല നിലയില്‍ നടത്തണമെന്ന് ബന്ധുക്കള്‍  ഒരുപാട് ആഗ്രഹിച്ചിരുന്നൂ. കുടുബത്തില്‍ ആ തലമുറയിലെ ഏറ്റവും ഇളയവത് അവനായിരുന്നൂ, അതുകൊണ്ട് തന്നെ ഒരു പ്രത്യേക വാത്സല്യം എല്ലാപേര്‍ക്കും അവനോട് ഉണ്ടായിരുന്നൂ.  അങ്ങിനെ എല്ലാം കൊണ്ടും യോജിച്ച ഒരു ആലോചന വന്നപ്പോള്‍  വീട്ടുകാര്‍ അവനെ വിവരം അറിയിച്ചു. ദുബായില്‍ തരക്കേടില്ലാത്ത ജോലിയായിരുന്നൂ അവന്‍. ആലോചന ഇരു വീട്ടുകാര്‍ക്കും ഇഷ്ടമായി, ഇനിയുള്ളത് പെണ്ണിന്‍റേയും ചെറുക്കന്‍റേയും സമ്മതമാണ്‍. നെറ്റിലൂടെ പരസ്പരം കണ്ടപ്പോള്‍ അവര്‍ക്കും സമ്മതമായി. എങ്കിലു നേരില്‍ കണ്ടതിനുശേഷം മാത്രം വിവാഹം നിശ്ചയിച്ചാല്‍ മതിയെന്ന് അവന്‍ തന്നെയാണ്‍ വീട്ടുകാരോട് പറഞ്ഞത്. പിന്നെ വൈകിച്ചില്ലാ 10 ദിവസത്തേക്ക് കമ്പനിയില്‍ നിന്നും  ലീവും വാങ്ങി അവന്‍ നാട്ടിലെത്തി. മുറപ്രകാരം കാരണവന്മാരുമൊത്ത് പോയി പെണ്ണ് കാണല്‍ ചടങ്ങും നടത്തി. ഒറ്റക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവന്‍ അവനെ കുറിച്ച് അവളോട് പറഞ്ഞൂ, അവള്‍ അവളെ കുറിച്ചും. പിരിയാന്‍ നേരം അവന്‍ അവളോട് പറഞ്ഞു, ഇതൊക്കെയാണ്‍ ഞാന്‍, ആലോചിക്കൂ എന്നെ ഇഷ്ടമാണെങ്കില്‍ മാത്രം സമ്മതം പറയുക“

          പിന്നെ എല്ലാം കാരണവന്മാരുടെ കയ്യീലായിരുന്നൂ. തിരിച്ചു പോരാനുള്ള 10 ദിവസത്തിനുള്ളില്‍ തന്നെ വിവാഹ നിശ്ചയത്തിനുള്ള ഡേറ്റും തീരുമാനിച്ചൂ. എല്ലാം ഏറേകുറേ ഉറപ്പായപ്പോള്‍ പിന്നെ അവര്‍ പരസ്പരം മൊബൈലില് വിളിയും തുടങ്ങി. വരാനുള്ള നല്ല നാളേകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവര്‍ രാത്രികളില്‍ ഒരുപാടു നേരം മൊബൈലിലൂടേ നെയ്തെടുത്തു. നിശ്ചയം എല്ലാം നിശ്ചയിച്ചത് പോലെ നടന്നു. രണ്ട്  മാസത്തിനുള്ളിലുള്ള ഒരു മുഹൂര്‍ത്തവും അന്നുതന്നെ കുറിച്ചു. ലീവു കഴിഞ്ഞപ്പോള്‍ പിന്നേം അവന്‍  ഗള്‍ഫിലേക്ക് തിരിച്ചു. രണ്ട് മാസക്കാലം രാത്രികാലങ്ങളില്‍ അവരുടെ മൊബൈലുകള്‍ക്ക് വിശ്രമമില്ലായിരുന്നൂ.  നെറ്റ് ഫോണ്‍ കണ്ടുപിടിച്ച ആളെ ഒരു പക്ഷേ അവന്‍ അന്നേരം സ്തുതിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ തന്നെ നെറ്റ് ഫോണ്‍ കണ്ടുപിടിച്ച ആളെ ഒന്നു സ്തുതിക്കേണ്ടതു തന്നാ.

          വിവാഹത്തിനും ഒരാഴച മുന്നേ  അവന്‍ നാട്ടിലെത്തി. വിചാരിച്ചതുപോലെ തന്നെ എല്ലാം മംഗളമായി നടന്നു. മാരീജ് സെര്‍ട്ടിഫിക്കെറ്റ് കിട്ടിയ ഉടന്‍ തന്നെ അവളുടെ പാസ്പോര്‍ട്ടിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. അവളെ കൂടെകൂട്ടാന്‍ ഇതായിട്ട് ഇനി വൈകിക്കേണ്ടാ എന്ന് കരുതിയിട്ടുണ്ടാവും അവന്‍. കമ്പനി നല്കിയ ഒരുമാസത്തെ ലീവും പിന്നെ ബോസിനോട് റിക്വസ്റ്റ് ചെയിതതിന്‍റെ ഫലമായി നീട്ടി കിട്ടിയ പതിനഞ്ച് ദിവസത്തെ ലീവുമെല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. പ്രവാസത്തിലേക്കുള്ള യാത്രകള്‍ എന്നും മനസിനൊരു നൊമ്പരമായിരുന്നൂ എങ്കിലും, ഈത്തവണത്തെ നൊമ്പരത്തിനും ഒരു മധുരമുള്ളതായി അവനു തോന്നി. ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന്‍റെ അടുത്തദിവസം മുതല്‍ തന്നെ തന്‍റെ പ്രീയതമയെ എത്രയും വേഗം ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ അവന്‍ തുടങ്ങീ.

          ചുരുങ്ങിയ  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ക്കുള്ള വീസയും റെഡിയായി. ആ സന്തോഷ വാര്‍ത്ത അവളെ അറിയിക്കുവാനായി അവള്‍ക്ക് ഫോണ്‍ ചെയിതപ്പോള്‍ അവന്‍ അറിയാന്‍ കഴിഞ്ഞത്, അവള്‍ അവളുടെ കാമുകനോടൊപ്പം ജീവിക്കുവാന്‍ തീരുമാനിച്ചൂ എന്ന വിവരമാണ്‍. അവന്‍റെ മോഹങ്ങളും സ്വപങ്ങളുമെല്ലാം അവിടെ പൊലിഞ്ഞൂ. മനസിന്‍റെ നിന്ത്രണം തിരികേ കിട്ടിയ ഏതോ ഒരു നിമിഷത്തില്‍ അവന്‍ അവളോട് ചോതിച്ചൂ, “ഇങ്ങിനെ ഒരു കാമുകനുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനു നീ ഈ വിവാഹത്തിനു സമ്മതം മൂളി”?. അതിനവള്‍ പറഞ്ഞ മറുപടി അയാളെ ഒരു ഭ്രാന്തനാക്കി, “എന്‍റെ വീട്ടുകാര്‍ എനിക്ക് സ്ത്രീധനമായി നല്‍കുന്ന ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ഒരു ഉപാധി എന്നതിലതികം പ്രാധാന്യമൊന്നും ഞാന്‍ ഈ വിവാഹത്തിനു നല്‍കിയിട്ടില്ലാ”. “ഹും അപ്പോള്‍  കഴിഞ്ഞ പത്തുനാൽപ്പത് ദിവസം നമ്മ്ള് ഒരുമിച്ച് ശയിച്ചാത്”?, അവന്‍ പിന്നേം ചോതിച്ചൂ. “ഈ നാടകത്തില്‍ അഭിനയിച്ചതിനു താങ്കള്‍ക്കുള്ള പ്രതിഫലമായി കൂട്ടിയാല്‍ മതി അത്”. എത്ര നിസാരമായാ അവളത് പറഞ്ഞത്. അവള്‍ അയാളെ ഉപേക്ഷിച്ചതിനെക്കാളും അയാളെ വിഷമിപ്പിച്ചത് വിവാഹത്തോടുള്ള അവളുടെ കാഴ്ച്ചപ്പാടായിരുന്നൂ. പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല കിട്ടാവുന്നതില്‍ ഏറ്റവും അടുത്ത വിമാനത്തില്‍ അവന്‍ നാട്ടിലെത്തി. അവളുടേയും പുതിയ ഭര്‍ത്താവിന്‍റേയും താമസസ്ഥലം കണ്ടെത്തി, കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ രണ്ടുപേരേയും വകവരുത്തി. മരണാസന്നയായി കിടക്കുമ്പോഴും അവളോടുള്ള അയാളുടെ കലി അടങ്ങിയിരുന്നില്ലാ. അവളുടെ ശരീരത്തിലെ അവസാന തുടിപ്പും നിലയ്ക്കുന്നത് വരെ ഒരു ഇറച്ചിവെട്ടുകാരന്‍റെ ലാഘവത്തോടെ അവന്‍ അവളെ  കൊത്തിഞ്ഞുറുക്കി. പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താന്‍ ചെയിതത് ഒരു തെറ്റായിരുന്നൂ എന്ന് അയാള്‍ക്ക് ഒരിക്കലും തോന്നിയിട്ടില്ല്. പക്ഷേ തനിക്കെങ്ങിനെ രണ്ട് ജീവനെടുക്കാന്‍ കഴിഞ്ഞു എന്നത് അയാള്‍ക്ക് ഇന്നും അത്ഭുതമാണ്‍.

          ബസില്‍ നിന്നും ഇറങ്ങിയ അയാള്‍ അടുത്ത് കണ്ട ഒരു ലോഡ്ജിലേക്ക് നീങ്ങി. ലോഡ്ജ് മാനേജറുടെ കയ്യില്‍ നിന്നും കീയ്യും വാങ്ങി മുകളിലേക്ക് പോകുമ്പോള്‍ അയാല്‍ മനസില്‍ എന്തോ ഉറപ്പിച്ചിരുന്നൂ. റൂമില്‍ കയറി വാതില്‍ അടച്ചതിനുശേഷം അയാള് ഒരു കടലാസ് തുണ്ടേടുത്ത് അതില്‍ എന്തോ എഴുതുവാന്‍ തുടങ്ങി…….. “എന്‍റെ പ്രീയ അമ്മയ്ക്ക് അമ്മ ഇത്രയും നാള്‍ ജീവിച്ചിരുന്നത് തന്നെ ഒരിക്കല്‍ കൂടി എന്നെ സ്വതന്ത്രനായി കാണാനാണ്‍ എന്ന് എനിക്കറിയാം. പക്ഷേ വയ്യ അമ്മേ എനിക്ക്, ഒരു കൊലപാതകിയായി ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ എനിക്ക് വയ്യാ. ചെയ്ത തെറ്റിന്‍റെ വിധി (അത് എനിക്കിന്നും ശരിതന്നെയാണ്‍). അനുഭവിച്ചതിനുശേഷം മതി  എന്ന് കരുതിയത് കൊണ്ട് മാത്രമാ ഇത്രേം വൈകിയത്. ഇനി വയ്യ അമ്മേ, അമ്മയെ ഒരു നോക്ക് കണ്ടിട്ട് മരിക്കണം എന്നതാണ് എന്‍റേയും ആഗ്രഹം. അമ്മയെ കണ്ടാല്‍ ഒരുപക്ഷേ എനിക്ക് അതിനു കഴിഞ്ഞെന്ന് വരില്ലാ. എന്നോട് ക്ഷമിക്കൂ അമ്മേ ഞാന്‍ പോകുന്നൂ……….”

          പിന്നെ ഒട്ടും താമസിച്ചില്ലാ, ആ ലോഡ്ജ് റൂമിലെ ഫാനില്‍ ഒരുമുഴം കയറില്‍ സ്വന്തം ജീവിതം അയാള്‍ കുരുക്കുമ്പോഴും അയാളുടെ മനസില്‍ അമ്മയുടെ മുഖം മാത്രമായിരുന്നൂ. കുരുക്ക് മുറുകുമ്പോള്‍ അയാള്‍ക്ക് തന്‍റെ അമ്മയെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നൂ. അമ്മയെ ഒരു നോക്ക് കാണാതെ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചാല്‍ അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാവുമെന്ന് അയാളുടെ മനസ് വിലപിക്കുന്നുണ്ടായിരുന്നൂ. എങ്ങിനെയെങ്കിലും ഈ കുരുക്കില്‍ നിന്നും രക്ഷപെടാന്‍ അയാല്‍  ശ്രമിച്ചു, പക്ഷേ കുരുക്ക് കൂടുത്തല്‍ മുറുകുന്നതല്ലാതെ ഒന്നും നടന്നില്ലാ. ഒന്നുറക്കെ അലറിവിളിക്കണമെന്നുണ്ടായിരുന്നൂ അയാള്‍ക്ക്. പക്ഷേ അതിനും സാധിക്കുന്നില്ലാ. ഇല്ലാ ഇനി രക്ഷയില്ലാ മരണത്തിന്‍റെ വായില്‍ നിന്നും ഇനി ഒരു തിരിച്ചുവരവില്ലാ. പ്രാണന്‍ പോകുന്നതിന്‍റെ വേദന സഹിക്കാനാവുന്നില്ലാ, രക്ഷപെടാനുള്ള അവസാന ശ്രമമെന്നനിലയില്‍ അയാളുടെ കൈകള്‍ ചുറ്റും പരതുന്നുണ്ടായിരുന്നൂ. കൈകള്‍ എവിടെയൊക്കെയോ തടഞ്ഞൂ  ആരൊക്കെയോ അയാളെ പിടിക്കുന്നൂ. ഒന്നും വ്യക്തമാവുന്നില്ലാ. കണ്ണ് തുറന്ന് നോല്‍ക്കുമ്പോള്‍ ചുറ്റും ആള്‍ക്കാര്‍ . താന്‍ എവിടെയാ? താന്‍ മരിച്ചോ അതോ ഇത് ആശുപത്രിയാണോ? അയാല്‍ക്ക് ഒന്നും വ്യക്തമാവുന്നില്ലാ. “താങ്കള്‍ക്ക് എന്താ പറ്റിയത്? ഹോസ്പിറ്റലില്‍ പോകണമോ?” കൂട്ടത്തിലൊരാളുടെ ചോദ്യം. അപ്പോഴേക്കും ഏറെക്കുറേ അയാല്‍ക്കും സ്ഥലകാല ബോധം ഉണ്ടായി, ഇത് താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസിനകം ആണെന്നും, താന്‍ കണ്ടതെല്ലാം സ്വപ്നം മാത്രം ആയിരുന്നെന്നും, അടുത്ത മൂന്നു നാലുസ്റ്റോപ്പൂകള്‍ക്കുള്ളില്‍ തനിക്ക് തന്‍റെ നാട്ടിലെത്താമെന്നും അമ്മയെ കാണാമെന്നുമുള്ള തിരിച്ചറിവ് അയാള്‍ക്ക് ഒരു പുതുജീവന്‍ ലഭിച്ച പ്രതീതിയായിരുന്നൂ. ഇത്തരത്തില്‍ ഒരു സ്വപ്നം തനിക്ക് കാണിച്ച് തന്ന ദൈവത്തിന്‍ അയാള്‍ നന്ദി പറഞ്ഞൂ. ഒരു പക്ഷേ ഇങ്ങിനൊരു സ്വപ്നം കണ്ടില്ലായിരുന്നെങ്കില്‍, അയാളത് യാഥാര്‍ദ്യമാക്കുമായിരുന്നൂ. ബസ് പിന്നേം മുന്നോട്ട് നീങ്ങിത്തുടങ്ങി ഒപ്പം പുതിയൊരു ജീവിതത്തിലേക്കായി അയാളുടെ മനസും…………………

No comments:

Post a Comment