Friday 1 July 2016

എന്റെ പ്രണയം


" എടാ നീ ആരേയും പ്രേമിച്ചിട്ടില്ലേ, എഞാ നിനക്കു ഇതുവരെയായിട്ടും ലൈന്‍ ഒന്നും ഇല്ലാത്തതു?" .......... നീനയുടെ വകയാണു ചോദ്യം, അമ്മാവന്റെ മകളാണു നീന, ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ഇങ്ങനെ നടക്കുന്നതു കണ്ടിട്ടു അവള്‍ക്കു കണ്ണുകടിയാണെന്നു. “ഒന്നും ഒത്തുവന്നില്ല, അതുകൊണ്ടു വേണ്ടെന്നു വച്ചു, മാത്രവുമല്ല, ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുകയാണെങ്കില്‍ അവളെ തന്നെ കെട്ടണം എന്നതാണു എന്റെ ആഗ്രഹം” ഞാന്‍ പറഞ്ഞു. അപ്പോള്‍ ഒരെണ്ണം ഒത്തു വരികയാണെങ്കില്‍ നോക്കാം അല്ലേ?, “ആ നോക്കാം” ഞാനും പറഞ്ഞു. സത്യത്തില്‍ അന്നുവരെയും ഞാന്‍ ഈ പ്രേമം എന്ന സംഗതിയെ അത്ര സീരിയസായി കണ്ടിരുന്നില്ല, ഉത്സവപറമ്പിലോ ബസ്സ്റ്റോപ്പിലോ മറ്റൊ ഒക്കെ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഒന്നു നോക്കും ചിലപ്പോഴൊക്കെ തിരിച്ചു അവിടെനിന്നും കടാക്ഷം ലഭിക്കുകയും ചെയ്യും. അതിനുമപ്പുറം ഒരുപെണ്‍കുട്ടിയുടെ പിറകേ ഞാന്‍ നടന്നിട്ടില്ലായിരുന്നൂ. പോരെങ്കില്‍ പ്രീ-ഡിഗ്രീക്കായിരുന്ന സമയ്ത്തു ഈ പ്രസ്ഥാനത്തിലേക്കിറങ്ങാന്‍ നോക്കിയിട്ടു കൂട്ടുകാരന്റെ ചതിമൂലം പിന്മാറേണ്ടതായും വന്നിട്ടുണ്ട്. അതുകൊണ്ട് അന്നു തീരുമാനിച്ചതാ ഇനി ഈ പ്രേമവും മണ്ണാങ്കട്ട യൊന്നും വേണ്ടാ അഥവാ ആരെയെങ്കിലും പ്രേമിക്കുകയാണേല്‍ അവളെ തന്നെ കെട്ടിയിരിക്കും എന്ന്. ബി. ഏ യുടെ തുടക്കത്തില്‍ വീണ്ടും ഒരു ശ്രമം നടത്തിയെങ്കിലും, ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു അദ്യാപകന്റെ മകളാണ് അവളെന്നറിഞ്ഞപ്പോള്‍ അതും വേണ്ടെന്നു വച്ചു. അങ്ങനെ നമ്മള്‍ ഇങ്ങനെ എല്ലാം മറന്നു ഒതുങ്ങികഴിയുമ്പോഴാണ് അവളുടെ ഒടുക്കത്തെ ചോദ്യം" നീ ആരേയും പ്രേമിച്ചിട്ടില്ലേ" എന്ന്.

ദിവസങ്ങള്‍ കടന്നുപോയി, അന്നു വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഞാന്‍ പതിവുപോലെ കൂട്ടുകാരുമൊരുമിച്ച് ക്ഷേത്രത്തില്‍ പോയി, ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചശേഷം പുറത്തിറങ്ങി നമ്മള്‍ നമ്മുടെ പതിവു കണ്ണെറിയല്‍ ചടങ്ങു ആരംഭിച്ചു. അന്നു നീനയുടെ ഒരു ഫ്രണ്ടിനെ അവിടെ വച്ചു കണ്ടു.തല്‍ക്കാലം നമുക്കവളെ 'ശില' എന്നു വിളിക്കാം. ഇതിനുമുമ്പ് ഒരുപാടു പ്രാവശ്യം ഞാന്‍ അവളെ കണ്ടിട്ടുണ്ട് പക്ഷേ അന്നൊന്നും തോന്നാത്ത എന്തൊ ഒരു ഇതു അന്ന് എനിക്ക് അവളോട് തോന്നി. അന്നു ഞാന്‍ രണ്ടുമൂന്നു തവണ അവള്‍ക്കു നേരെ കടാക്ഷമയച്ചു, തിരിച്ചു അവളും. അടുത്തദിവസം നീനയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ ചോദ്യം, "ടാ ഇന്നലെ നീ ക്ഷേത്രത്തില്‍ വച്ചു ശിലയെ കണ്ടിരുന്നു അല്ലേ?". ഞാന്‍ ഒന്നു ഞെട്ടി, ദൈവമേ, അവള്‍ വല്ലതും പറഞ്ഞുകാണുമോ?, " ടാ നിനക്കവളെ ഇഷ്ടമാണോ?, ആണെങ്കില്‍ ഞാന്‍ അവളോടു പറഞ്ഞു ആ ലൈന്‍ അങ്ങു ക്ലീയറാക്കിത്തരാം". "അയ്യോ വേണ്ടായേ, ഞാന്‍ ഇങ്ങനെ ഒക്കെ അങ്ങു കഴിഞ്ഞുപൊയ്ക്കോളാം". ഞാന്‍ ഒഴിഞ്ഞുമാറാന്‍ നോക്കി, പക്ഷേ അവള്‍ വിടാന്‍ തയ്യാറല്ലായിരുന്നൂ. ഒടുവില്‍ അവളുടെ പൂര്‍ണപിന്തുണയോടുകൂടി ശിലയെ ഒന്നു പ്രേമിച്ചുകളയാം എന്നു ഞാനും കരുതി.

പിന്നെ കാര്യങ്ങള്‍ എല്ലാം വളരെ വേഗത്തിലായിരുന്നൂ. ഇടയ്ക്കിടക്കു കോളേജില്‍ വച്ചു തമ്മില്‍ കാണുമ്പോള്‍ നമ്മള്‍ രണ്ടുപേരേയും ചേര്‍ത്തുകൊണ്ടു നീനയുടെ വക ചില കമറ്സുകളും, ആ കമന്റ്സുകള്‍ ശിലയും ആസ്വദിക്കുന്നുണ്ടായിരുന്നൂ. ഒടുവില്‍ ശിലയുടെ ലാന്റ് ഫോണ്‍ നമ്പര്‍ നീന എനിക്കു തന്നു, എന്റെ ലാന്റ് ഫോണ്‍ നമ്പര്‍ അവള്‍ക്കും കൊടുത്തു. പിന്നെ കോളുകളുടെ, സോറി മിസ്കോളുകളുടെ ഒരു ബഹളം തന്നെ ആയിരുന്നൂ. ചിലപ്പോഴൊക്കെ അവളുടെ "ഹലോ" കേള്‍ക്കാന്‍ വേണ്ടിമാത്രം ഞാന്‍ അവള്‍ക്കു ഫോണ്‍ ചെയ്യുമായിരുന്നൂ.... തിരിച്ചും അങ്ങിനെ തന്നെ, ഹലോ എന്നതിനപ്പുറം ആരും ഒന്നും സംസാരിക്കില്ല. അങ്ങിനെ റൂട്ട് ഏറെക്കുറെ ക്ലീയര്‍ ആയി. പക്ഷേ അപ്പോഴും ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയിരുന്നൂ.ഇങ്ങനെ ഒരു ബന്‍ഡം വേണമോ?, കാരണം ഒരു സമയം കൊല്ലി പ്രേമത്തില്‍ എനിക്കു താല്പ്പര്യമില്ലായിരുന്നൂ, പോരെങ്കില്‍ ശിലക്കാണെങ്കില്‍ കല്ല്യാണപ്രായവും, എങ്ങിനെ ആയാലും ഒരു ആറ്- ഏഴ് വര്‍ഷങ്ങള്‍ കഴിയാതെ എനിക്കു വിവാഹത്തെ കുറിച്ചു ചിന്തിക്കാനും കഴിയില്ലാ.
ഒടുവില്‍ നീനയുടെ നിര്‍ബ്ബന്‍ഡം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ ഒരു ദിവസം ശിലയോട് സംഗതി തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങിനെ ഒരു ദിവസം നീനയുടെ വീട്ടില്‍ നിന്നും ശിലക്കു ഫോണ്‍ ചെയിതു. നീനയുടെ ശബ്ദം തിരിച്ചറുയുമെന്നതിനാല്‍ അവളുടെ അനിയത്തിയെ കൊണ്ടാണു ഫോണ്‍ ചെയ്യിപ്പിച്ചതു, ശിലയെ ലൈനില്‍ കിട്ടിയപ്പോള്‍ എനിക്കുത്ന്നു. ഉള്ളില്‍ ചെറിയ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നൂ. അങ്ങേതലക്കല്‍ നിന്നും അവളുടെ "ഹലോ", "ശില അല്ലേ" അവള്‍ തന്നെ യാണെന്നു ഒന്നുകൂടി ഉറപ്പിച്ചു, "അതേ" അവിടെനിന്നും മറുപടിയും കിട്ടി. പിന്നെ ഒന്നും ചിന്തിച്ചില്ലാ വെട്ടിത്തുറന്നങ്ങു പറഞ്ഞു..."എനിക്കിന്നെഇഷ്ടാണ് ", " എന്തോന്ന്?" മറുതലക്കല്‍ നിന്നും ഒരു ചോദ്യം, എനിക്കു സംഗതി പിടികിട്ടി, പൊതുവേ അന്നൊക്കെ ഞാന്‍ ഇത്തിരി ഫാസ്റ്റായിട്ടായിരുന്നൂ സംസാരിച്ചിരുന്നത്, പോരെങ്കില്‍ ടെന്‍ഷനും, ഞാന്‍ പറഞ്ഞതു അവള്‍ക്കു മനസിലായിട്ടുണ്ടാകില്ലാ, നിര്‍ത്തി നിര്‍ത്തി പറഞ്ഞാലല്ലേ കേള്‍ക്കാനും സുഖമുണ്ടാവുകയുള്ളൂ..........അങ്ങിനെ ഞാന്‍ ശ്വാസമെടുത്ത് നിര്‍ത്തി നിര്‍ത്തി പറഞ്ഞു " എനിക്ക്........നിന്നെ.....ഇഷ്ടമാണ് ". ഓരോ വാക്കിനിടയിലും ഓരോ ശ്വാസം. "നിങ്ങള്‍ ആരാ?" അതൊക്കെ പിന്നെ പറയാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ഏറെ വൈകും മുന്നേ തന്നെ ശില നീനയെ വിളിച്ചു, ശിലയാണെന്നു മനസിലാക്കിയപ്പോള്‍ അവള്‍ ഫോണ്‍ ഹാന്‍ഡ്സ്ഫ്രീ മോഡിലാക്കി. " എടീ ഇന്നു എന്നെ ഒരുത്തന്‍ ഫോണില് വിളിച്ചിട്ടു എന്നെ ഇഷ്ടമാണെന്നു പറഞ്ഞു.....ആരാണെന്നു ചോതിച്ചിട്ടു പറഞ്ഞില്ലാ.....ആരായാലും അവന്‍ ഒരു പേടിതൊണ്ടന്‍ ആണെന്നു ഉറപ്പാണു". "അതു നിനക്കെങ്ങിനെ മനസിലായി?", " അല്ലാ അവന്റെ കിതയ്പ്പു എനിക്കു ഇങ്ങു കേള്‍ക്കാമായിരുന്നൂ"......ദൈവമേ, ഞാന്‍ ഓരോ വാക്കിനിടയിലും ശ്വാസമെടുത്തതു അവള്‍ കിതപ്പാണെന്നു ധരിച്ചു അവളെയും കുറ്റം പറയാന്‍ പറ്റില്ലാ അത്രക്കു മനോഹരമായിരുന്നില്ലേ എന്റെ പെര്‍ഫോമന്‍സ്. എന്നിട്ടും ഞാന്‍ തകര്‍ന്നില്ല പക്ഷേ അവളുടെ അടുത്ത വാക്കു കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോയി......."എടീ ഇനി അതു അനി ആയിരിക്കുമോ (എന്നെ വീട്ടില്‍ അനി എന്നാണു വിളിക്കുന്നതു, അവളും) ഏയ് അനി ആയിരിക്കില്ലാ അനിക്കു കുറച്ചു കൂടെ ധൈര്യമുണ്ട്..........." അവള്‍ അതു പറയുമ്പോള്‍ അവള്‍ക്കറിയില്ലായിരുന്നൂ.........ധീരനായ അനി നിര്‍വികാരനായി അതു കേട്ടുകൊണ്ടിരിക്കുകയാണെന്നു.............

ഗുലാം കേക്ക്‌


“ടാ നിനക്കു പേടിയുണ്ടോ”? അവന്‍ അങ്ങിനെ ചോദിക്കുവാന്‍ മാത്രം എന്റെ മുഖത്ത് പരിഭ്രമം ഉണ്ടായിരുന്നോ?, അവന്‍ വെറുതേ ചോദിച്ചതാവും, "ഏയ് സ്റ്റേഷനില്‍ അവര്‍ കാത്തുനില്‍ക്കും, പിന്നെ ട്രയിനകത്ത് എന്തു പേടിക്കാനാ" ഞാന്‍ പറഞ്ഞു. "ട്രയിന്‍ വരുന്നുണ്ട് അവിടെ എത്തിയാല്‍ ഉടനേ വിളിക്കണം കേട്ടോ, നമ്മല്‍ കാത്തിരിക്കും, പിന്നെ, മറക്കേണ്ടാ 24 നാണ് നാട്ടിലേക്കുള്ള ട്രയിന്‍ കസിനും കുടുംബത്തിനുമൊപ്പം അടിച്ചുപൊളിച്ചിട്ട് ട്രയിന്‍ മിസ്സാവേണ്ടാ", "ഇല്ലെടാ അതു ഞാന്‍ മറക്കുമോ, ശെരി എന്നാല്‍ പിന്നെ.... 24നു കാണാം" അതും പറഞ്ഞു ഞാന്‍ ട്രയിനുള്ളിലേക്കു കയറി. ജനറല്‍ കമ്പാര്‍ട്ടുമെന്റാണ് റിസര്‍ വേഷനു ട്രൈ ചെയിതെങ്കിലും കിട്ടിയില്ലാ. ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ ഗുണം അതിനുള്ളില്‍ കയറിയപ്പോള്‍ തന്നെ മനസിലായി. എന്തൊരു തിരക്കാ, ട്രയിനുള്ളിലേക്കു കാലെടുത്തു വച്ച ഓര്‍മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ, ഞാന്‍ ഓട്ടോമെറ്റിക്കായി ഉള്ളിലേക്കു നീങ്ങിപ്പോയി.

നാട്ടില്‍ നിന്നും ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ ഡെല്‍ഹിക്കു വന്നതായിരുന്നു നമ്മള്‍ ഏഴു പേര്‍. വര്‍ക്കലയില്‍ നിന്നും ഡെല്‍ഹി വരെ അടിച്ചു പൊളിച്ചുള്ള മഹത്തായ യാത്ര. അങ്ങോട്ടു പോകുംമ്പോള്‍ ഗ്വാളിയോര്‍ സ്റ്റേഷനില്‍ കസിനും കുടുംബവും കാത്തു നില്‍ക്കുന്നുണ്ടായിരുന്നൂ, കുടുംബം എന്നു പറയുമ്പോള്‍ കസിനും അവളുടെ ഹസ്ബന്റും, പിന്നെ രണ്ടുവയസായ ഒരു കുട്ടിയും. അന്നു അവര്‍ ക്ഷണിച്ചതാ തിരിച്ചു പോരുമ്പോള്‍ എല്ലാപേരും ഗോളിയറിലെ അവരുടെ വീട്ടില്‍ കൂടി വരാന്‍ അവിടെ നിന്നും താജ്മഹളും മറ്റുമൊക്കെ കറങ്ങിക്കാണാം എന്ന്. എന്നാല്‍ കസിനെയൊന്നും എന്റെ ഫ്രണ്ടിനു പരിചയമില്ലാത്തതിനാല്‍ അവര്‍ക്കു വരാന്‍ ഒരു മടി, ഞാന്‍ ഒത്തിരി പറഞ്ഞുനോക്കിയെങ്കിലും അവര്‍ വരാന്‍ തയ്യാറായില്ല. "നിങ്ങള്‍ ഇല്ലെങ്കില്‍ ഞാനും പോകുന്നില്ല" ഞാന്‍ പറഞ്ഞു. "അതു ശെരിയല്ലെടാ എന്തായാലും അവര്‍ വിളിച്ചതല്ലേ നീ രണ്ടു ദിവസം മുന്നേ പൊയ്ക്കോ, 24നു അവിടെ നിന്നും കയറിയാല്‍ മതിയല്ലോ" ഒടുവില്‍ അവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഞാന്‍ ഒറ്റക്കു പോകാന്‍ സമ്മതിച്ചു, ഒറ്റ കണ്ടീഷന്‍ മാത്രം, താജ്മഹളും മറ്റും നമ്മള്‍ ഇവിടെനിന്നും ഒരു വണ്ടി വാടകയ്ക്കെടുത്ത് കറങ്ങിക്കാണും, അതിനു ശേഷമേ ഗ്വാളിയോറിലേക്കു പോകൂ. പിന്നെ നമ്മള്‍ ഒരു ഒമിനി വാന്‍ വാടകയ്ക്കെടുത്ത് ഡല്‍ഹിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും പിന്നെ താജ്മഹളും ഒക്കെ കറങ്ങി കണ്ടു. അവസാനം അവര്‍ എന്നെ ആഗ്ര സ്റ്റേഷനില്‍ കൊണ്ടു വന്നു വിട്ടു. ഇവിടെ നിന്നുമാണ് ഗ്വാളിയോറിലേക്കുള്ള യാത്ര.

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഹിന്ദി ടീച്ചറെ കൊഞ്ഞനം കാണിച്ചു നടന്നതിന്റെ ഫലം ഡല്‍ഹിയിലെ ആ കുറച്ചു ദിവസങ്ങളിലും പിന്നെ ആ ട്രയിന്‍ യാത്രയിലും ഞാന്‍ നന്നായി അനുഭവിച്ചു. ട്രയിന്‍ നീങ്ങിത്തുടങ്ങി, എന്നെ കണ്ടപ്പോല്‍ തന്നെ അവര്‍ക്കു മനസിലായിരിക്കണം (കള്ളാനാണെന്നല്ല) ഞാന്‍ ഒരു ഹിന്ദിവാല അല്ലെന്ന്. ഒരുത്തന്റെ വക ചോദ്യം "കിഥര്‍ ജാറെ", "ഗോളിയോര്‍". മറുപടി പറഞ്ഞയുടനെ അടുത്ത ചോദ്യം "ഉഥര്‍ കിഥര്‍ ഹേ"? ചോദ്യം മനസിലായി പക്ഷേ ഉത്തരം പറയാന്‍ അറിയില്ലാ, ഞാന്‍ ഒന്നു ചിരിച്ചു. ട്രയിന്‍ ഗ്വാളിയോറിലെത്തുമ്പോള്‍
പറയണമെന്ന് ഞാന്‍ അയാളോട് ഇംഗ്ലീഷില്‍ പറഞ്ഞൂ, "ഹിന്ദി മാലൂം നഹീ ഹേ
ക്യാ.....?" അയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് എനിക്കു മനസിലായി.
പഠിക്കുന്ന സമയത്ത് ഹിന്ദി പഠിച്ചില്ലാ പിന്നെയാ ഇനി ഒരാഴ്ച്ചക്കുവേണ്ടി
ഞാന്‍ ഹിന്ദി പഠിക്കുന്നത് എന്ന് അയാളുടെ മുഖത്തുനോക്കി പറയണം
എന്നുണ്ടായിരുന്നൂ പക്ഷേ എങ്ങിനെ പറയും, ഞാന്‍ പറയുന്നത് അയാള്‍ക്കു
മനസിലാവില്ലല്ലോ. അപ്പോഴാണ് എന്റ് അടുത്ത് ടിപ്പ് ടോപ്പായി വേഷം ധരിച്ച
ഒരാളെ ഞാന്‍ കണ്ടത്, ഹാവൂ ആശ്വാസമായി ഇയാള്‍ക്ക് ഞാന്‍ പറയുന്നത്
മനസിലാവുമല്ലോ. ഞാന്‍ പതുക്കെ അയാളുടെ സൈഡിലേക്കു തിരിഞ്ഞു എന്നിട്ടു
അയാളോട് ഒരു ഗുഡീവനിംഗ് ഒക്കെ പറഞ്ഞു, അയാളും തിരിച്ചു വിഷ് ചെയിതു.
കൂടുതല്‍ മുഖവുര ഒന്നും ഇല്ലാതെ, ട്രയിന്‍ ഗ്വാളിയോറിലെത്തുമ്പോള്‍ എന്നെ
അറിയിക്കണമെന്ന് ഞാന്‍ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ അയാളോട് പറഞ്ഞു,
അപ്പോള്‍ അയാല്‍ എന്നെ നോക്കി ചിരിച്ചു. ദൈവമേ, ഇനിയിപ്പോ ഞാന്‍ പറഞ്ഞതു
തെറ്റാണോ? അതുകൊണ്ടാണോ അയാല്‍ ചിരിച്ചത്? വീണ്ടും ഒന്നുരണ്ട് തവണ ഞാന്‍ ആ
വാചകം മനസില്‍ പറഞ്ഞു നോക്കി, ഇല്ലാ തെറ്റിയിട്ടില്ലാ, അയാള്‍ക്ക് ആംഗലേയം
അറിയാത്തതു കൊണ്ടാണ് അയാല്‍ ചിരിച്ചതെന്നു തുടര്‍ന്നുള്ള സംസാരത്തില്‍
നിന്നും എനിക്കു മനസിലായി. തുടര്‍ന്ന് അയാള്‍ ഒന്നു കൂടി പറഞ്ഞു, അയാള്‍
പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിലും
അതിന്റെ രത്നചുരുക്കം ഇതായിരുന്നൂ
“നിനക്കു ഹിന്ദി അറിയത്തില്ലാ എനിക്കു ഇംഗ്ലീഷും....നീ പേടിക്കേണ്ടാ
ഗ്വാളിയോര്‍ എത്തുമ്പോള്‍ ഞാന്‍ പറയാം"

ഒരു ചേച്ചി അടുത്ത് വന്നിട്ട് ഹിന്ദിയില്‍ എന്തോ ചോദിച്ചൂ എനിക്കു ഒന്നും മനസിലായില്ലാ, അടുത്ത ചോദ്യം ഏതാണ്ട് മനസിലായി, "ജോബ് കിഥര്‍ ഹേ", നമ്മള്‍ക്ക് ഹിന്ദി തീരെ അറിയാന്‍ പാടില്ലാ എന്നു ചേച്ചി വിചാരിക്കരുതെല്ലോ, ജോലി എന്തെന്നായിരിക്കും ചോദിച്ചിട്ടുള്ളത്, ഞാന്‍ പറഞ്ഞു "ഗ്രാഫിക് ഡിസൈനെര്‍", ചേച്ചി ചെറുതായി ഒന്നു ഞെട്ടി, "ഡിസ്ട്രിക്ട്, ഡിസ്ട്രിക്ട്" ചേച്ചി പിന്നേയും പറഞ്ഞൂ അപ്പോള്‍ എനിക്കു കാര്യം മനസിലായി, " ട്രിവാന്‍ഡ്രം" ഞാന്‍ പറഞ്ഞു. (ആ ചേച്ചി അന്നു ചോതിച്ചത് "ജോബ് കിഥര്‍ ഹേ" എന്നല്ലന്നും, മറിച്ച് "ഗാവ് കിഥര്‍ ഹേ" എന്നാവുമെന്നും പിന്നീടാണ് ഞാന്‍ മനസിലാക്കുന്നത്). ഞാന്‍ ഇടക്കിടക്ക് ട്രയിന്റെ വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നൂ, എവിടെയെങ്കിലും ഗ്വാളിയോര്‍ എന്ന ബോര്‍ഡ് കാണുന്നതിനു വേണ്ടി, പക്ഷേ എങ്ങും കുറ്റാകൂരിരിട്ടുമാത്രം. പിന്നേം ആരൊക്കെയോ എന്തൊക്കെയോ ചോതിക്കുന്നുണ്ടായിരുന്നൂ. ചിലതൊന്നും മനസിലായതേ ഇല്ലാ, മനസിലായതിനു മറുപടി പറയാനും അറിയില്ലാ. എന്തായാലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേ ട്രയിന്‍ ഗ്വാളിയോര്‍ സ്റ്റേഷനിലെത്തി.

സ്റ്റേഷനിലിറങ്ങിയ ഉടനേ തന്നെ ബിജു അണ്ണനെ (കസിന്റെ ഹസ്ബന്റ്) കണ്ടതു കൊണ്ടു കൂടുതല്‍ ടെന്‍ഷനടിക്കേണ്ടിവന്നില്ല. വീട്ടിലെത്തിയപ്പോള്‍ നേരം ഇത്തിരി വൈകിയെങ്കിലും പിന്നെയും നമ്മള്‍ ഒത്തിരിനേരം സംസാരിച്ചിരുന്നൂ. പിറ്റേന്ന്
പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞു നമ്മള്‍ ചെറുതായി ഒന്നു കറങ്ങാന്‍ പോയി, ചെറിയ രീതിയില്‍ ഒരു ഷോപ്പിങ്ങും. അന്നു വൈകുന്നേരം അവിടെ അടുത്തുള്ള ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ നമ്മള്‍ പോയി. അത് ഒരു ചെറിയ പാര്‍ക്കായിരുന്നൂ. വൈകുംന്നെരം 5 മണിക്ക് ശേഷം മാത്രമേ അത് ഓപ്പണാവുകയുള്ളൂ. അവിടേക്കു പോകുന്ന വഴിക്കും അവിടെ വച്ചും "ഡ്രാഗന്‍ വീല്‍" എന്ന ഒരു സംഗതിയെ കുറിച്ച് കസിന്‍ വാ തോരാതെ സംസാരിച്ചു അതില്‍ കയറരുതെന്നും കയറിയാല്‍ തലകറക്കം വരുമെന്നും അവള്‍ പറഞ്ഞു. ആ പാര്‍ക്കിനകത്ത് ഒരു റെസ്റ്റോറന്റ് ഉണ്ടെന്നും അവിടത്തെ ഗുലാം കേക്ക് വളരെ നല്ലതാണെന്നും അതു കഴിക്കാന്‍ വേണ്ടിമാത്രമാണ് മിക്കപ്പോഴും അവള്‍ അവിടെ പോകുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പ് ഒന്നു രണ്ട് തവണ ബ്ലാക്ക് തണ്ടറിലും വീഗാലാന്റിലുമൊക്കെ പോയിട്ടുള്ള എനിക്ക് ആ പാര്‍ക്കും ഡ്രാഗന്‍ വീലും അത്ര വലിയ സംഭവമായി തോന്നിയില്ലാ. അവിടെ ഏറേക്കുറെയുള്ള എല്ലാ ഐറ്റത്തിലും ഞാന്‍ കയറി, ഇനി രണ്ടെണ്ണം മാത്രമേ ബാക്കിയുള്ളൂ, ഒന്ന് ഡ്രാഗന്‍ വീല്‍, രണ്ടാമത്തേത് ഒട്ടകത്തിന്റെ പുറത്ത് ഒരു സവാരി. "അനി അടുത്തത് ഏതു വേണം, ഒട്ടകമോ ഡ്രാഗന്‍ വീലോ" ബിജു അണ്ണന്‍ ചോതിച്ചു, " ആദ്യം ഡ്രാഗന്‍ വീല്‍ പിന്നെ ഒട്ടകം" ഞാന്‍ പറഞ്ഞു. അവളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ധീരനായി ഞാന്‍ ഡ്രാഗന്‍ വീലിനു സമീപത്തേക്കു നടന്നൂ. എനിക്കു വരാന്‍ പോകുന്ന വിധിയോര്‍ത്ത് കസിനും ബിജുഅണ്ണനും അവിടെ നിന്നു.

എന്നോടൊപ്പം അതില്‍ കയറിയ മിക്കവാറും എല്ലാപേരും പെണ്‍കുട്ടികള്‍ ആയിരുന്നൂ. സംഭവം കറങ്ങിതുടങ്ങിയപ്പോള്‍ പെണ്‍പിള്ളേരെല്ലാം കിടന്നു കരയാനും തുടങ്ങി അന്നേരമെല്ലാം ഞാന്‍ ധീരനായി അങ്ങിനെ ഇരിക്കുകയാണ്. ഒരോ റൗണ്ട് കഴിയുമ്പോഴും ഞാന്‍ ഓക്കേയാണ് എന്ന് കാണിക്കുന്നതിനുവേണ്ടി ഞാന്‍ താഴെ എന്നെ നൊക്കി നിന്നവരെ നോക്കി കയ്യെടുത്തു കാണിക്കുന്നുണ്ടായിരുന്നൂ. കണ്ണിനു കൂടുതല്‍ സ്ട്രയിന്‍ കൊടുത്തതു കൊണ്ടാണെന്നു തോന്നുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്ക് തലകറങ്ങിതുടങ്ങി. എനിക്കു വന്ന മാറ്റം അവര്‍ അറിയുന്നുണ്ടായിരുന്നൂ. ഇപ്പോള്‍ പെണ്‍പിള്ളേരുടെ കരച്ചിലില്ലാ എല്ലാവരും കൈകൊട്ടി ചിരിക്കുകയാണ്, ഞാന്‍ ഒഴികേ എല്ലാവരും അതുമായി പൊരുത്തപ്പെട്ടു. എനിക്കാണേല്‍ ഇതു എങ്ങിനെയെങ്കിലും തീര്‍ന്നാല്‍ മതി എന്ന അവസ്ഥയായി. ഒടുവില്‍ അതു നിന്നപ്പോഴേക്കും ഞാന്‍ ഒരു പരുവമായിരുന്നൂ. താഴെ ഇറങ്ങുമ്പോള്‍ കാലു നിലത്തുറക്കുന്നില്ലാ എല്ലാം കറങ്ങുന്നതു പോലെ ഒരു തോന്നല്‍. എങ്കിലും ഒന്നും അവരെ അറിയിക്കാതെ എനിക്കാനുന്ന വിധത്തില്‍ നല്ലരീതിയില്‍ നടക്കാന്‍ ഞാന്‍ ശ്രെമിച്ചൂ."എങ്ങിനെയുണ്ടായിരുന്നെടാ" അവള്‍ അതു ചോദിക്കുമ്പോള്‍ "കൊള്ളാം" എന്ന ഒറ്റ വാക്കില്‍ ഞാന്‍ മറുപടി പറഞ്ഞു. കൂടുതല്‍ സംസാരിച്ചാല്‍ ഞാന്‍ വാളു വെയ്ക്കുമോ എന്നതായിരുന്നു എനിക്ക് സംശയം.

"ഇനി ഒട്ടകത്തിന്റെ പുറത്തുകയറാം വാ" അവള്‍ വിളിച്ചു. ദൈവമേ ഇനി അതും, വേണ്ടാ എന്നു പറയാന്‍ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ലാ. അങ്ങനെ നമ്മള്‍ ഒട്ടകത്തിന്റെ പുറത്ത് കയറാന്‍ പോയി. ദൈവം ഉണ്ട് എന്നു പറയുന്നത് വെറുതേ അല്ലെന്ന് എനിക്ക് അന്നു മനസിലായി. എന്തോ ചില കാരണങ്ങളാല്‍ അന്നു ഒട്ടക സവാരി ഇല്ലാത്രേ, നന്നായി അല്ലായിരുന്നേ ഞാന്‍ ചിലപ്പോള്‍ ഇന്നുണ്ടാകുമായിരുന്നില്ല, എനിക്കു അത്ര ഭയങ്കരമായി തലകറക്കം അനുഭവപ്പെടുന്നുണ്ടായിരുന്നൂ. അഭിമാനം ഓര്‍ത്ത് ഞാന്‍ അതു പറഞ്ഞില്ലാ. പിന്നെ നമ്മള്‍ ഗുലാം കേക്ക് കഴിക്കാനായി റെസ്റ്റോറണ്ടില്‍ പോയി. വെയിറ്റര്‍ മൂനു ട്രേകളിലായി ഗുലാംകേക്ക് കൊണ്ടു വന്നു വച്ചു. പാത്രത്തില്‍ കൊഴുകൊഴാന്നിരിക്കുന്ന ഗുലാം കേക്കും അതിന്റെ നീരും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഇപ്പോള്‍ വാളുവെക്കുമെന്ന് എനിക്കു തോന്നി. ഒരു ചായ മാത്രം കഴിച്ചുകൊണ്ട് എങ്ങിനെയെങ്കിലും ഞാന്‍ അവിടെ നിന്നും എണീറ്റു. എന്റെ അവസ്ഥ മോശമാണെന്നെ അവര്‍ മനസിലാക്കിയിരുന്നെങ്കിലും ഇത്രയും പരിതാപകരമാണെന്ന് അപ്പോഴാ അവര്‍ ശെരിക്കും മനസിലാക്കുന്നത്. അന്നു പിന്നെ റൂമിലെത്തിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ..................

തന്ത്രം


“എന്താ നീ ഒന്നും പറയാത്തത്?“ അവളുടെ ചോദ്യമാണ് അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്, കുറച്ച് കാലമായി അവരുടെ പ്രണയം തുടങ്ങിയിട്ട്. രണ്ടുപേരും സമൂഹത്തില്‍ നല്ല നിലയും വിലയും ഉള്ളവരുടെ മക്കള്‍, പക്ഷേ രണ്ട് പേരും രണ്ട് സമുദായത്തില്‍ പെട്ടവര്‍. ആധുനികവത്കരണവും സമത്തവുമൊക്കെ എല്ലാപേരും പ്രസംഗിക്കുമെങ്കിലും സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാപേരും സ്വാര്‍ത്ഥരാകുന്നു. അത്കൊണ്ട് തന്നെയാണ് തങ്ങളുടെ മകള്‍ക്ക് ഒരു പയ്യനുമായി പ്രണയം ഉണ്ടെന്ന് മനസിലാക്കിയ ഉടനെതന്നെ ടെസ്സിയുടെ മാതാപിതാക്ക്ല് അവള്‍ക്കായി ഒരു ദുബായ്ക്കാരന്‍ പയ്യനെ കണ്ടേത്തിയത്. ദുബായില്‍ സ്വന്തമായി ബിസ്നസ് നടുത്തുന്ന ആ പയ്യന്‍റെ വിവാഹാലോചനയാണ് നല്ല രീതിയില് നടക്കുകയായിരുന്ന അവരുടെ പ്രണയത്തിനുമുന്നില്‍ ഒരു വിലങ്ങുതടിയായി മാറിയത്.

“ഏന്ത് പറയാന്? നമ്മള്‍ തമ്മില്‍ സ്നേഹിച്ചൂ എന്നുള്ളത് സത്യമാണെങ്കില്‍ നമ്മള്‍ വിവാഹിതരാവുകയും ചെയ്യും. ഒരു പക്ഷെ നമ്മളുടെ വീട്ടുകാര് ഈ ബന്ധത്തെ അംഗീകരിക്കുകയില്ലായിരിക്കാം, നമുക്ക് ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ എല്ലാം മറന്ന് നമ്മുടെ വീട്ടുകാര് നമാളെ സ്വീകരിക്കും എന്ന തെറ്റിദ്ധാരണയും എനിക്കില്ലാ, നമ്മളുടെ സുഖ സൌകര്യങ്ങള്‍ നഷ്ടമായേക്കാം, എന്ത് കൂലിവേല ചെയ്തിട്ടായാലും നിന്നെ ഞാന്‍ പട്ടിണികൂടാതെ നോക്കും. നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്യമാവും”. “ഹും ഒരു നേരത്തെ ആഹാരത്തിനായി കൂലിവേല ചെയ്യേണ്ടി വരുന്ന അവസ്ഥയെ കുറുച്ചായിരുന്നോ ജിത്തൂ നമ്മള്‍ സ്വപ്നം കണ്ടത്”? അവളുടെ ചോദ്യം അവനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ലാ. എങ്കിലും താന്‍ ഇതുവരെയും പരിചയപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളില് നിന്നും തികച്ചും വ്യത്യസ്ഥയാണ് ടെസ്സി, അത് കൊണ്ട് തന്നെ അവളില്‍ നിന്നും ഇങ്ങിനെ ഒരു ചോദ്യം ഉണ്ടായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടാതില്ലാ. അവളുടെ ഈ പ്രത്യേക സ്വഭാവവിശേഷം തന്നെയാണ് അവനെ അവളിലേക്ക് അടുപ്പിച്ചതും.

“ജിത്തു ഞാന്‍ പറയുന്നത് ശ്രദ്ദിച്ച് കേള്‍ക്കണം. ഇപ്പോഴത്തെ ഈ പ്രണയച്ചൂടില് നമുക്ക് മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഏത് കഷടപ്പാടും പട്ടിണിയും നമ്മള്‍ സഹിച്ചെന്നും വരാം. പക്ഷെ കാലം ചെല്ലുമ്പോള്‍ നമുക്ക് തന്നെ നമ്മളോട് തന്നെ വെറുപ്പ് തോന്നും ജിത്തു, അന്ന് ദു:ഖിക്കാനല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലാ. വീട്ടുകാരെ ധിക്കരിച്ചുകൊണ്ടുള്ള നമ്മുടെ ഈ പ്രവര്‍ത്തിക്ക് വില്‍കൊടുക്കേണ്ടിവരുന്നത് നമ്മള്‍ മാത്രമായിരിക്കില്ലാ നമുക്ക് പിറക്കാന് പോകുന്ന കുഞ്ഞുങ്ങള്‍ കൂടിയയവും. അതുകൊണ്ട് നമ്മള്‍ ഒന്നൂടെ ചിന്തിക്കണം, നമുക്ക് വേണ്ടിയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും”. ഒന്ന് ആലോചിച്ചാല്‍ ശരിയാണ്, അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ ഏന്ത് കഷ്ടപ്പാട് സഹിക്കാനും കമിതാക്കള്‍ റെഡിയാവും പക്ഷേ പിന്നീട് പലപ്പോഴും ഈ പ്രണയം അവര്‍ക്ക് തന്നെ ഒരു ബാദ്ധ്യതയായി മാറാം. “ ഇപ്പോള്‍ വീട്ടുകാര് തീരുമാനിച്ച ആ ദുബായ്ക്കാരന്‍ പയ്യനെ കെട്ടിയാല്‍ എന്‍റെ ജീവിതം ഭദ്രമാവും അത്പൊലെ ജിത്തുവിനും വീട്ടുകാര്‍ നല്ലൊരുകുടുംബത്തില്‍ നിന്നും ഒരുപെണ്‍കുട്ടിയെ കണ്ടെത്തും. ഇപ്പോള്‍ നമ്മള്‍ ചേറുതായി ഒന്ന് വിഷമിച്ചാലും സന്തോഷകരമായ ജീവിതങ്ങള്‍ രണ്ട്പേര്‍ക്കും ഉണ്ടാവും”.

“നീ പറയുന്നത് എല്ലാം ശരിതന്നെ ടെസ്സി, ഒന്ന് ചോതിക്കട്ടെ, വെറും ഒരു ക്യാമ്പസ് പ്രണയത്തിനുമപ്പുറം മാനസികമായും ശാരീരികമായും അടുത്തവരാണ് നമ്മള്‍, ഇനി മറ്റൊരാളുടെ ഭാര്യയായി ജീവിക്കേണ്ടി വരുമ്പോള്‍ നിനക്ക് കുറ്റബോധം തോന്നില്ലേ”? “എന്തിനാ കുറ്റബോധം ജിത്തു, ഞാന്‍ എന്‍റെ ശരീരം സമര്‍പ്പിച്ചത് കാര്യസാധ്യത്തിനുശേഷം കടന്ന് കളയാന്‍ ശ്രമിച്ച ഒരുത്തന് അല്ലാ മറിച്ച് എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ച ഒരു പുരുഷനാണ്, രണ്ട്പേരുടേയും സുഖകരമായ ഭാവിക്ക് വേണ്ടി ചെറിയ ഒരു ത്യാഗം അത്രേയുള്ളൂ. പിന്നെ കാര്യസാധ്യം നടത്തിയതിനുശേഷം പൊടിയും തട്ടിപോകാന്‍ അനുവദിക്കുന്നവളും അല്ലാ ഈ ടെസ്സി. ജിത്തൂ നീ ഞാന് പറയുന്നത് മനസിലാക്കൂ, നമ്മള് രണ്ട് പേരുടേയും സുന്ദരമായ ഭാവിയെ ഓര്‍ത്ത് നമുക്ക് ഇവിടെവച്ച് പിരിയാം. ഇനി എനിക്ക് ജിത്തു ഒരു ഫ്രണ്ട് മാത്രമായിരിക്കും ജിത്തുവിന് ഞാനും അങ്ങിനെ തന്നെയവണം. അതും പറഞ്ഞ്, ഒരു ആയുഷ്കാലത്തേക്കുള്ള സ്വപ്നങ്ങള് മുഴുവനും അവിടെ ഉപേക്ഷിച്ച് അവള്‍ തിരിഞ്ഞ് നടന്നു,

കുറച്ച് നേരം അവന്‍ അവളെത്തന്നെ നോക്കി നിന്നു, പിന്നെ അവനും തിരിച്ച് നടക്കാന്‍ തുടങ്ങി. പക്ഷേ ഇപ്പോള്‍ ആ കണ്ണുകളില്‍ ഒരു കാമുകിയെ നഷ്ടപ്പെട്ടതിന്‍റെ വൈഷമ്യം ഇല്ലായിരുന്നൂ. മറിച്ച് കരച്ചിലും പരിഭവവും ഇല്ലാതെ, ചതിയനെന്ന് ആരോപിക്കപ്പെടാതെ തന്ത്രപരമായി ഒരുവളെക്കൂടി ഒഴിവാക്കിയതിന്‍റെ ആഹ്ലാദത്തിളക്കമായിരുന്നൂ. അവന്‍ യാത്ര തുടര്‍ന്നു പുതിയ ഒരു ഇരയ്ക്കായി………..

അങ്ങിനെ ആ കാര്യത്തിലൊരു തീർമ്മാനായി


ഉള്ളത് പറയാല്ലോ (ഉളളത് പറഞ്ഞാല്‍ ഉറുമിയും ചിരിക്കുമെന്നാ, എന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, ചിരിക്കുന്നവര്‍ ചിരിക്കട്ടെ), ഒരു ചെക്കന് ഒരു പെണ്ണ് കിട്ടാന്‍ വളരെ ഈസിയാണെന്നായിരുന്നൂ ഇതുവരെയുള്ള എന്‍റെ വിചാരം, അത് അങ്ങിനെ അല്ലാന്ന് മനസിലായത് എനിക്ക് പെണ്ണാലോചന തുടങ്ങിയപ്പോഴാ. അനിയത്തിയുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയത്ത്, നാട്ടില്‍ എവിടെ നോക്കിയാലും കല്യാണപ്രായം തികഞ്ഞ പെണ്‍കുട്ടികളേ ഉള്ളൂ, ഒരു നല്ല ചെക്കനെ കിട്ടാനില്ലാ. ഹാവൂ അപ്പോ എന്‍റെ നമ്പര്‍ വരുമ്പോ എന്തായാലും പേടിക്കേണ്ടാ, കല്യാണം കഴിക്കാന് തീരുമാനിച്ചാല്‍ അപ്പോള്‍ പെണ്ണ് കിട്ടും, അതിനുമാത്രംപെണ്‍പിള്ളേരിവിടെയുണ്ടല്ലോ, ഞാന്‍ ആശ്വസിച്ചൂ. അങ്ങിനെ അനിയത്തിയുടെകല്യാണം നല്ലരീതിയില്‍ കഴിഞ്ഞൂ, വേറെ ആരും ഇടക്ക് വന്ന് അഴിമതി കാണിക്കാത്തത് കൊണ്ട് അടുത്ത ടോക്കന്‍  എന്റേത് തന്നെ വന്നൂ.എന്ത് പറ്റീന്നറിയില്ലാ അന്ന് കണ്ട കല്യാണപ്രായം തികഞ്ഞ പെണ്‍കുട്ടികളെ ഒന്നിനേയും മഷിയിട്ട് നോക്കിയിട്ടും കാണാനില്ലാ, കണ്ടുകിട്ടിയതാണേല് നാളും ചേരില്ലാ. ഇപ്പോ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ക്ഷാമമാ ത്രേ.ഫഗവാനേ, ഇത്രയും നാളും നമ്പര് വീഴാത്തേന്‍റെ കുഴപ്പമായിരുന്നൂ, ഇപ്പോ?

എന്തിനേറെപ്പറയാന്‍ അങ്ങിനെ ഇരിക്കവേ ഒരു ദിവസം വീട്ടില്‍വിളിച്ചപ്പോഴാ അനിയത്തി പറയുന്നത് ഒരു വിവാഹാലോചന വന്നിട്ടുണ്ട്, നാളോക്കെ ചേരും, പെണ്ണ് എം.സി.ഏ. ക്ക് പഠിക്കുന്നൂ, പെണ്ണിന്‍റെ അച്ഛന് ഇവിടെ വന്നിരുന്നൂ, എന്‍റെ ഫോട്ടം, ഒക്കെ കാ‌ണിച്ചു ഇഷ്ടപ്പെട്ടൂഎന്നൊക്കെ. ആ കുട്ടിയുടെ ഒരു കൊച്ചച്ചന്‍ ഇവിടെ യൂ. ഏ യി ല് ഉണ്ടത്രേ,പുള്ളിക്കാരന്‍ എന്നെ  ഇന്‍റര്‍വ്യൂ ചെയ്യാന്‍ വരുമെന്ന്. ഇന്‍റര്‍വ്യൂ? ഫഗവാനേ, പഠിക്കുന്ന സമയത്തെപ്പോഴോ വൈവാ അറ്റന്‍റ്ചെയിതിട്ടുണ്ടേന്നല്ലാതേ, ഈ ഇന്റര്‍വ്യൂ ഒന്നും, നുമ്മാ പണ്ടേ ആ ടൈപ്പല്ലേ. അങ്ങിനെആ കുട്ടിയുടെ കൊച്ചച്ചനും രണ്ട് ബന്ധുക്കളും വന്നൂ, ഇന്‍റര്‍വ്യൂ ഒക്കെകഴിഞ്ഞു.  ഹീസ്വരാ... ഇതിന്‍റെ റിസള്‍ട്ട് ഇനി ആരോട് ചോയിച്ചാലാ ഒന്ന്അറിയാന്‍ കഴ്യാ?. അടുത്ത ദിവസം, ആ കുട്ടിയുടെ ഫോട്ടോ എനിക്ക് മെയില്‍ ചെയ്യാനായി എന്‍റെ  ഐഡി ചോതിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും എന്‍റെ വീട്ടില്‍ വിളിച്ചൂ, ഹാവൂ ഇന്‍റര്‍വ്യൂ പാസായെന്നാ തോന്നുന്നേ മനസിലൊരു ലഡ്ഡു പൊട്ടി. പിന്നെയുള്ള രണ്ട് ദിവസം ഫുള്‍ ടൈം എന്‍റെ ജീമെയില്‍ ഐഡി ഓണ്‍ലനില്‍ തന്നെ, എപ്പഴാ ഫോട്ടം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ,  ഇനിയിപ്പോ ഓഫ്ലൈനിലാണെങ്കില്‍ മെയിലിന് അകത്ത് കയറാന്‍ കഴിയാതെ പോയാലോ?.

എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഫോട്ടം വന്നൂ.വിവാഹാലോചനയുമായി ബന്ധപ്പെട്ട് ആദ്യമായി കാണുന്ന ഫോട്ടമാ. അപ്പോള്‍ തന്നെറിപ്ലേയും കൊടുത്തൂ, "Hi, I reeived your photo & I like it, I think we can proceed". റിപ്ലേ സെന്‍റായതിനു ശേഷമാ എന്തോ ഒരു പന്തികേട് ഫീല് ചെയിതത്, സെന്‍റ് മെയിലില്‍ പോയി ചെക്ക് ചെയിത് നോക്കി. പണ്ടാരം റിസീവിഡ് എന്നതില്‍ ഒരു ‘സി’ യുടെ കുറവ് (കീബോര്‍ഡ് ചതിച്ച ചതിയാണേ..... എന്‍റെ കീബോര്‍ഡ് ചതിയന്‍ കീബോര്‍ഡ്). ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയല്ലോ ഫഗവാനെ, ഇനിയിപ്പോ എന്നാ ചെയ്യും, എന്തോ ചെയ്യാനാ പറ്റിയത് പറ്റി. എന്തായാലും ഫോട്ടോ കണ്ട ഉടനേ തന്നെ വീട്ടില്‍വിളിച്ച് പറഞ്ഞൂ, ഇഷ്ടായെന്ന്, ശുഭസ്യ ശീക്രം എന്നല്ലേ, നുമ്മ ആയിട്ടെന്നാത്തിനാ അതൊക്കെ തിരുത്താന്‍ നില്‍ക്കുന്നേ. അമ്മ അത് ആകുട്ടിയുടെ വീട്ടില്‍ വിളിച്ച് പറഞ്ഞു, അടുത്ത ആഴ്ച്ച അവര്‍ ഇങ്ങോട്ട് വരാന്‍ തീര്‍മാനിക്കുകയും ചെയിതു.

രണ്ട് ദിവസം കഴിഞ്ഞപ്പോ അമ്മ പറഞ്ഞൂ “മോനേ, അത് ചിലപ്പോഴേ നടക്കൂ, അവര്‍ക്ക് ഒന്നൂടെ ഒന്ന് ആലോചിക്കണം എന്ന്”. “എന്താ കാര്യം” ഞാന്‍തിരക്കി, “മോന് തടി കുറവാണെന്നാ പെണ്ണിന്‍റെ കൊച്ചച്ചന്‍  പറഞ്ഞതെന്ന്, പിന്നെ മോനെ അവര്‍ നെറ്റില്‍ കണ്ടിരുന്നൂ അപ്പോള്‍ അവര്‍ക്കും അങ്ങിനെ തോന്നിയത്രേ”.  ഫഗവാനേ, നെറ്റില്‍ കണ്ടൂ എന്ന് പറയുമ്പോ, ഇനിയിപ്പോ കൂട്ടത്തിലെ പിന്നോട്ട് പോയ ഫോട്ടം വല്ലതുമാണോ കണ്ടത്? അതും ആറാം മാസത്തിലൊക്കെ ഉള്ള ഫോട്ടം ആയിരിക്കോ? . ലഡ്ഡു ആണോ എന്നറിയില്ലാ മനസില്‍ എന്തൊ ഒന്ന് പൊട്ടി, ലഡു ആവാന്‍ വഴിയില്ലാ മധുരമില്ലാത്ത എന്തോ ഒന്നാ പോട്ടിയത്. പിന്നോട്ട് പോയത് പണിയായാ?അതോ ഇനിയിപ്പോ എന്‍റെ കഴിഞ്ഞ ബ്ലോഗായ, “ഒരു പ്രവാസിയുടെ മരണക്കുറിപ്പെ”ങ്ങാനംആ കുട്ടി വായിച്ചോ? അതായിരിക്കുമോ കാര്യം.അല്ലാതെ സാമാന്യം വേണ്ടതടിയൊക്കെ എനിക്കുണ്ടേ.  മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍, ബ്ലോഗ് ഡിലീറ്റണമോ, സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ‘മഹത്തായ’ ആ രചനയെ നശിപ്പിച്ചാ മലയാള സാഹിത്യത്തോട് തന്നെ ഞാന്‍ ചെയ്യുന്ന ഒരു അപരാധമാവില്ലേ അത്? ഇല്ലാ ഞാനത് ചെയ്യില്ലാ..... .ഇനിയിപ്പോ അത് തന്നെ ആവുമോ കാരണം, അല്ലെങ്കില്‍ പിന്നെ എന്താവും ആ കാരണം എന്ന് അറിയാന്‍ തിടുക്കമായി. സംഗതി എന്തായാലും മുടങ്ങി, എന്നാപ്പിന്നെ കാരണം അറിയണമല്ലോ. ഉടനേ, ആ കുട്ടിക്ക്കാരണം ചോതിച്ച് കൊണ്ട് ഒരു നോട്ടീസ് ച്ചെ മെയിലയച്ചൂ. അവസാനം ഇങ്ങിനെ നിര്‍ത്തി, “ഈ റൌണ്ടില്‍ പുറത്തായാലും അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിജയിക്കുന്നതിനും, ഈ റൌണ്ടിലെ, ജഡ്ജസിന്‍റെ വിലയേറിയ അഭിപ്രായം ആവശ്യമാണ് അത് അനുസരിച്ച് വേണമല്ലോ ഇനിയുള്ള പെര്‍ഫോമണ്‍സ് മെച്ചപ്പെടുത്താന്‍, അത്കൊണ്ട് ദയവായി സത്യസന്ധമായ ഒരു മറുപടി തരിക”. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലാ, നെറ്റ് സ്ലോയാവുമ്പോ കൂട്ടത്തില്‍ റിപ്ലേ ഇല്ലാത്തവനായി ഇരുന്നിട്ടുണ്ട്, ഫഗവാനേ, ഇവിടെയും റിപ്ലേ ഇല്ലാത്തവനായി മാറോ? എന്‍റെ ക്ഷമ നശിച്ചു.പിന്നെ ഒന്നും ചിന്തിച്ചില്ല, ചിന്തിക്കാനും ഒരു മിനിമം ഫുദ്ധിയൊക്കെവേണ്ടെ, അടുത്ത മെയില്‍ വീണ്ടും അയച്ചൂ. “ഒരു മെയിലിന് റിപ്ലേ തരാനുള്ള മനസാക്ഷിയും പ്രതികരണശേഷിയും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ പങ്കാളിയായികാണാന്‍ എനിക്കും താല്പര്യമില്ലാ, സോ ഗുഡ് ബൈ”. ഇതായിരുന്നൂ അതിന്‍റെ തങ്കച്ചുരുക്കം, അതോ രത്നച്ചുരുക്കമാണോ? എന്തോ ഒരു ചുരുക്കം, അല്ലപിന്നെ. ആ കുട്ടി തന്‍റെ സ്റ്റാന്‍റ് കീപ്പ് ചെയിതു, അതിനും മറുപടികിട്ടിയില്ലാ.

അങ്ങിനെ അതൊക്കെ മറന്ന് ഇരിക്കുമ്പോ ഒരു ദിവസം ദേ ആ കുട്ടി ഓണ്‍ലൈനില്‍, ഞാന്‍ പോയി ഒരു ഹായ് കൊടുത്തപ്പോ അവിടെന്നും ഒരു ഹായ് കിട്ടി. ഒരുകാഷ്വാലിറ്റി ചാറ്റിനുശേഷം, അങ്ങിനെ തന്നെ അല്ലേ പറയുന്നത്?, ഞാന്‍ ആ പഴയകാരണം തിരക്കി, അപ്പോള്‍ പറഞ്ഞൂ എനിക്ക് പൊക്കം കുറവാണെന്ന് അവളുടെകൊച്ചച്ചന്‍ പറഞ്ഞൂ  അതാ കാരണമെന്നും (168 -169cm പൊക്കമൊന്നും പോരാ ഒരു കല്യാണം കഴിക്കാനെന്ന് എനിക്കപ്പോ ബോധ്യായി), മെയില്‍ ചെക്ക് ചെയ്യാത്തത് കൊ‌ണ്ടാ റിപ്ലേ തരാതിരുന്നതെന്നും. ഇത്രേം ദിവസം മെയില്‍ ചെക്ക് ചെയ്യാതിരിക്കുകയോ?, എന്തായാലും ഞാന്‍ വിശ്വസിച്ചതായി അനുഭവിച്ചു ച്ചെ അഭിനയിച്ചു.കൂട്ടത്തില്‍ നിന്ന് കിട്ടിയ ഗുണങ്ങളിലൊന്നാ വിശ്വസിച്ചതായി നന്നായി അഭിനയിക്കും ഞാന്‍. അവളുടെ വിവാഹം ഏറെക്കുറെ ഉറപ്പായെന്നും പറഞ്ഞൂ. ചെക്കന്‍റെ ജ്വാലി എന്താണെന്ന് തിരക്കി,  ഡീറ്റെയിലായി അറിയാന്‍ ആഗ്രഹമുണ്ടായിരുന്നേലും ചോയിച്ചില്ലാ, കഷ്ട്കാലത്തിന്‍ അതെങ്ങാനം മുടങ്ങിയാ ഞാന്‍ മുടക്കിയതാണെന്ന് പറഞ്ഞാലോ, എന്നാത്തിനാ  തേങ്ങാനിരുന്ന നായയുടെ തലയില്‍ മാങ്ങ വീണൊന്നൊക്കെ പറയിപ്പിക്കുന്നേ. ഈ ചൊല്ല് ഇവിടെ ചേരോ ആവോ, ഇപ്പ വിരല്‍ത്തുമ്പില്‍ ഇതേ വന്നുള്ളൂ. എന്തായാലും ആ കുട്ടിക്ക് നല്ലൊരു ഭാവി ജീവിതം ഞാന്‍ നേര്‍ന്നൂ. എനിക്ക് നല്ലൊരു പെണ്‍കുട്ടിയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാമെന്ന് ആ കുട്ടിയും പറഞ്ഞൂ. പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളേ. അങ്ങിനെ ആ ചാറ്റ് സുഖപര്യവസായിയായി അവസാനിച്ചൂ.

ഹെന്‍റീസ്വരാ.......... ടൈപ്പി ടൈപ്പി ഇതിപ്പോ ഒത്തിരിയായല്ലോ, ഒരു കാര്യംപറയാനും മറ്ന്നോയീ. ഈ ആലോചന ഫ്ലോപ്പിയായതിനു ചെ ഫ്ലോപ്പായതിനുശേഷം ഒരുദിവസം ഒരു ഫ്രണ്ടിന്‍റെ റൂമില്‍ ചെന്നപ്പോ അവിടെ ഒരു പ്രിന്‍റൌട്ടില്‍ ഈവര്‍ഷത്തെ വിഷു ഫലം കണ്ടു. ചുമ്മാ ഒന്ന് നോക്കിയതാ, രണ്ട് കാര്യങ്ങള്‍കണ്ടപ്പോ ഞാന്‍ ഞെട്ടി, 1) തിരുവോണം നക്ഷത്രക്കാര്‍ക്ക് വിവാഹാലോചന ഉടക്കും, 2) ആലോചിച്ചാലോചിച്ച് ഉറങ്ങും. ഇത്തരം കാര്യങ്ങളൊക്കെ നല്ലതാണെങ്കില്‍ അതില്‍ വിശ്വസിക്കുകയും, അതല്ലാ മോശമാണെങ്കില്‍ ഇതൊക്കെ പറ്റിപ്പാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്യുന്ന ഒരു നല്ല സ്വഭാവത്തിനുടമയാ ഞാന്‍, പക്ഷേ ഇതിപ്പോ അങ്ങിനെയങ്ങ് തള്ളിക്കളയാനും പറ്റണില്ലാ.  ആദ്യത്തേത് ശര്യാ, ആലോചന ഉടക്കി, രണ്ടാമത്തേത്, കവി എന്താണ് ഉദ്ദ്യേശിച്ചതെന്ന് മനസിലായില്ലാ. ഞാന്‍ ആലോചിച്ചാലോചിച്ചുറങ്ങുമെന്നാണോ? അതോ എനിക്ക് വിവാഹമാലോചിച്ച് എന്‍റെ വീട്ടുകാര്‍ ഉറങ്ങുമെന്നാണോ? എന്തായാലും കാര്യം എന്‍റേതായത് കൊണ്ട് ഒരു റിസ്കെടുക്കാന്‍ ഞാന്‍ തയ്യാറായില്ലാ, അന്നുമുതല്‍ വീട്ടില്‍ മുടങ്ങാതെ എന്നുംവിളിക്കും ചിലദിവസങ്ങളില്‍ വിളി രണ്ട് നേരമാക്കി. വീട്ടുകാര്‍ ഉറങ്ങാന്‍പാടില്ലല്ലോ, ഞാനാരാ മുതല ചെ മുതല്

ഒരു പ്രവാസിയുടെ മരണക്കുറിപ്പ്‌


സെണ്ട്രല്‍ ജയിലിന്‍റെ വാതില്‍ കടന്ന് പുറത്തിറങ്ങിയപ്പോള്‍ അയാല്‍ അറിയാതെ ഒന്ന് നെടുവീര്‍പ്പെട്ടു. നീണ്ട പത്ത് വര്‍ഷങ്ങളായി അയാളുടെ ജിവിതം അതിനുള്ളില്‍ തന്നെയായിരുന്നൂ. ഈ കാലത്തിനിടയ്ക്ക് ബന്ധുക്കളും ജയിലിലെ ജീവനക്കാര്‍ പോലും അയാളെ ഒത്തിരി നിര്‍ബ്ബന്ധിച്ചിട്ടും ഒരിക്കല്‍ പോലും ഒരു പരോളിന്‍ അപേക്ഷിക്കാന്‍ അയാള്‍ തയ്യാറായില്ലാ. അയാളുടെ പാവം അമ്മ നല്‍കിയ നിവേദനങ്ങളുടേയും, ജയിലിലെ അയാളുടെ നല്ല നടപ്പിന്‍റേയും ഫലമായി ജീവ പര്യന്തം പത്ത് വര്‍ഷമായി കുറയ്ക്കപ്പെടുകയായിരുന്നൂ. ജയിലില്‍ നിന്നും ഇറങ്ങുമ്പോഴും, ബസ്റ്റോപ്പിലേക്കുള്ള യാത്രയിലുമെല്ലാം അയാളുടെ മുഖം നിര്‍വ്വികാരമായിരുന്നൂ, പത്ത് വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ നിന്നും മോചനം നേടിയതിന്‍റെ നേരിയ ഒരു സന്തോഷം പോലും ആ മുഖത്തില്ലായിരുന്നൂ. അയാള്‍ നിര്‍ബ്ബന്ധം പിടിച്ചതുകൊണ്ട് മാത്രമാണ്‍ അയാളെ കൂട്ടിക്കൊണ്ട് പോകുവാന്‍ അയാളുടെ ബന്ധുക്കള്‍ ആരും തന്നെ വരാതിരുന്നത്. ഈ ഒരു ദിവസത്തിനായി ആ കുടുംബം കാത്തിരിപ്പ്  തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിരുന്നൂ. സാഹചര്യം അയാളെ ഒരു കൊലപാതകിയാക്കിയെങ്കിലും അയാളെ വെറുക്കുവാനോ ഉപേക്ഷിക്കുവാനോ ഒരിക്കലും അവര്‍ക്കാവുമായിരുന്നില്ല, അയാള്‍ എന്നും അവര്‍ക്ക് പ്രീയപ്പെട്ടവനായിരുന്നൂ.

          ബസ്റ്റോപ്പില്‍ നാട്ടിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ മൂന്നു നാലെണ്ണം ഉണ്ടായിരുന്നെങ്കിലും അയാള്‍ അവസാനം കിടന്ന ഒരു ഓര്‍ഡിനറി ബസില്‍ കയറി, കുറച്ച് നേരം അയാള്‍ അതില്‍ ഏകനായി ഇരുന്നു, ഇപ്പോള്‍ അയാളുടെ ഏറ്റവും അടുത്ത ചങ്ങാതിയും ഏകാന്തതയാണ്‍ . പതിയെ ബസില്‍ യാത്രികര്‍ നിറയാന്‍ തുടങ്ങി.അയാള്‍ ടിക്കറ്റെടുത്തതും പൈസാ കൊടുത്തതുമെല്ലാം യാന്ത്രികമായിട്ടായിരുന്നൂ. പതിയെ ബസ് നീങ്ങിത്തുടങ്ങി. റോഡില്‍ നല്ല തിരക്കായിരുന്നൂ, പത്ത് വര്‍ഷം കൊണ്ട് നോഡും നഗരവുമെല്ലാം ഒത്തിരി മാറിയിരിക്കുന്നൂ. രണ്ടായിരത്തി പതിനൊന്നില്‍ നിന്നും രണ്ടായിരത്തി ഇരുപത്തി ഒന്നിലേക്കുള്ള ദൂരം വലിയ മാറ്റങ്ങള്‍ നല്കി നഗരത്തിന്‍. റോഡ് സൈഡുകളില്‍ മരങ്ങള്‍ക്കു പകരം കൂറ്റന്‍ കെട്ടിടങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നൂ. ഇപ്പോള്‍ ബസ് നഗരം പിന്നിട്ടിരിക്കുന്നൂ, നിരത്തിലെ തിരക്കിനും അൽപ്പം ശാന്തി ഉണ്ട്. ജനല്‍കമ്പികളില്‍  തല തായ്ച്ച് അയാള്‍ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നൂ. റോഡ് സൈഡിലുണ്ടായിരുന്ന മരങ്ങള്‍  അയാളുടെ കഴ്ച്കയെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നൂ ഒപ്പം അയാളുടെ മനസിനേയും……….

          അവന്‍റെ വിവാഹം നല്ല നിലയില്‍ നടത്തണമെന്ന് ബന്ധുക്കള്‍  ഒരുപാട് ആഗ്രഹിച്ചിരുന്നൂ. കുടുബത്തില്‍ ആ തലമുറയിലെ ഏറ്റവും ഇളയവത് അവനായിരുന്നൂ, അതുകൊണ്ട് തന്നെ ഒരു പ്രത്യേക വാത്സല്യം എല്ലാപേര്‍ക്കും അവനോട് ഉണ്ടായിരുന്നൂ.  അങ്ങിനെ എല്ലാം കൊണ്ടും യോജിച്ച ഒരു ആലോചന വന്നപ്പോള്‍  വീട്ടുകാര്‍ അവനെ വിവരം അറിയിച്ചു. ദുബായില്‍ തരക്കേടില്ലാത്ത ജോലിയായിരുന്നൂ അവന്‍. ആലോചന ഇരു വീട്ടുകാര്‍ക്കും ഇഷ്ടമായി, ഇനിയുള്ളത് പെണ്ണിന്‍റേയും ചെറുക്കന്‍റേയും സമ്മതമാണ്‍. നെറ്റിലൂടെ പരസ്പരം കണ്ടപ്പോള്‍ അവര്‍ക്കും സമ്മതമായി. എങ്കിലു നേരില്‍ കണ്ടതിനുശേഷം മാത്രം വിവാഹം നിശ്ചയിച്ചാല്‍ മതിയെന്ന് അവന്‍ തന്നെയാണ്‍ വീട്ടുകാരോട് പറഞ്ഞത്. പിന്നെ വൈകിച്ചില്ലാ 10 ദിവസത്തേക്ക് കമ്പനിയില്‍ നിന്നും  ലീവും വാങ്ങി അവന്‍ നാട്ടിലെത്തി. മുറപ്രകാരം കാരണവന്മാരുമൊത്ത് പോയി പെണ്ണ് കാണല്‍ ചടങ്ങും നടത്തി. ഒറ്റക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവന്‍ അവനെ കുറിച്ച് അവളോട് പറഞ്ഞൂ, അവള്‍ അവളെ കുറിച്ചും. പിരിയാന്‍ നേരം അവന്‍ അവളോട് പറഞ്ഞു, ഇതൊക്കെയാണ്‍ ഞാന്‍, ആലോചിക്കൂ എന്നെ ഇഷ്ടമാണെങ്കില്‍ മാത്രം സമ്മതം പറയുക“

          പിന്നെ എല്ലാം കാരണവന്മാരുടെ കയ്യീലായിരുന്നൂ. തിരിച്ചു പോരാനുള്ള 10 ദിവസത്തിനുള്ളില്‍ തന്നെ വിവാഹ നിശ്ചയത്തിനുള്ള ഡേറ്റും തീരുമാനിച്ചൂ. എല്ലാം ഏറേകുറേ ഉറപ്പായപ്പോള്‍ പിന്നെ അവര്‍ പരസ്പരം മൊബൈലില് വിളിയും തുടങ്ങി. വരാനുള്ള നല്ല നാളേകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവര്‍ രാത്രികളില്‍ ഒരുപാടു നേരം മൊബൈലിലൂടേ നെയ്തെടുത്തു. നിശ്ചയം എല്ലാം നിശ്ചയിച്ചത് പോലെ നടന്നു. രണ്ട്  മാസത്തിനുള്ളിലുള്ള ഒരു മുഹൂര്‍ത്തവും അന്നുതന്നെ കുറിച്ചു. ലീവു കഴിഞ്ഞപ്പോള്‍ പിന്നേം അവന്‍  ഗള്‍ഫിലേക്ക് തിരിച്ചു. രണ്ട് മാസക്കാലം രാത്രികാലങ്ങളില്‍ അവരുടെ മൊബൈലുകള്‍ക്ക് വിശ്രമമില്ലായിരുന്നൂ.  നെറ്റ് ഫോണ്‍ കണ്ടുപിടിച്ച ആളെ ഒരു പക്ഷേ അവന്‍ അന്നേരം സ്തുതിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ തന്നെ നെറ്റ് ഫോണ്‍ കണ്ടുപിടിച്ച ആളെ ഒന്നു സ്തുതിക്കേണ്ടതു തന്നാ.

          വിവാഹത്തിനും ഒരാഴച മുന്നേ  അവന്‍ നാട്ടിലെത്തി. വിചാരിച്ചതുപോലെ തന്നെ എല്ലാം മംഗളമായി നടന്നു. മാരീജ് സെര്‍ട്ടിഫിക്കെറ്റ് കിട്ടിയ ഉടന്‍ തന്നെ അവളുടെ പാസ്പോര്‍ട്ടിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. അവളെ കൂടെകൂട്ടാന്‍ ഇതായിട്ട് ഇനി വൈകിക്കേണ്ടാ എന്ന് കരുതിയിട്ടുണ്ടാവും അവന്‍. കമ്പനി നല്കിയ ഒരുമാസത്തെ ലീവും പിന്നെ ബോസിനോട് റിക്വസ്റ്റ് ചെയിതതിന്‍റെ ഫലമായി നീട്ടി കിട്ടിയ പതിനഞ്ച് ദിവസത്തെ ലീവുമെല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. പ്രവാസത്തിലേക്കുള്ള യാത്രകള്‍ എന്നും മനസിനൊരു നൊമ്പരമായിരുന്നൂ എങ്കിലും, ഈത്തവണത്തെ നൊമ്പരത്തിനും ഒരു മധുരമുള്ളതായി അവനു തോന്നി. ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന്‍റെ അടുത്തദിവസം മുതല്‍ തന്നെ തന്‍റെ പ്രീയതമയെ എത്രയും വേഗം ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ അവന്‍ തുടങ്ങീ.

          ചുരുങ്ങിയ  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ക്കുള്ള വീസയും റെഡിയായി. ആ സന്തോഷ വാര്‍ത്ത അവളെ അറിയിക്കുവാനായി അവള്‍ക്ക് ഫോണ്‍ ചെയിതപ്പോള്‍ അവന്‍ അറിയാന്‍ കഴിഞ്ഞത്, അവള്‍ അവളുടെ കാമുകനോടൊപ്പം ജീവിക്കുവാന്‍ തീരുമാനിച്ചൂ എന്ന വിവരമാണ്‍. അവന്‍റെ മോഹങ്ങളും സ്വപങ്ങളുമെല്ലാം അവിടെ പൊലിഞ്ഞൂ. മനസിന്‍റെ നിന്ത്രണം തിരികേ കിട്ടിയ ഏതോ ഒരു നിമിഷത്തില്‍ അവന്‍ അവളോട് ചോതിച്ചൂ, “ഇങ്ങിനെ ഒരു കാമുകനുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനു നീ ഈ വിവാഹത്തിനു സമ്മതം മൂളി”?. അതിനവള്‍ പറഞ്ഞ മറുപടി അയാളെ ഒരു ഭ്രാന്തനാക്കി, “എന്‍റെ വീട്ടുകാര്‍ എനിക്ക് സ്ത്രീധനമായി നല്‍കുന്ന ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ഒരു ഉപാധി എന്നതിലതികം പ്രാധാന്യമൊന്നും ഞാന്‍ ഈ വിവാഹത്തിനു നല്‍കിയിട്ടില്ലാ”. “ഹും അപ്പോള്‍  കഴിഞ്ഞ പത്തുനാൽപ്പത് ദിവസം നമ്മ്ള് ഒരുമിച്ച് ശയിച്ചാത്”?, അവന്‍ പിന്നേം ചോതിച്ചൂ. “ഈ നാടകത്തില്‍ അഭിനയിച്ചതിനു താങ്കള്‍ക്കുള്ള പ്രതിഫലമായി കൂട്ടിയാല്‍ മതി അത്”. എത്ര നിസാരമായാ അവളത് പറഞ്ഞത്. അവള്‍ അയാളെ ഉപേക്ഷിച്ചതിനെക്കാളും അയാളെ വിഷമിപ്പിച്ചത് വിവാഹത്തോടുള്ള അവളുടെ കാഴ്ച്ചപ്പാടായിരുന്നൂ. പിന്നെ അവന്‍ ഒന്നും ചിന്തിച്ചില്ല കിട്ടാവുന്നതില്‍ ഏറ്റവും അടുത്ത വിമാനത്തില്‍ അവന്‍ നാട്ടിലെത്തി. അവളുടേയും പുതിയ ഭര്‍ത്താവിന്‍റേയും താമസസ്ഥലം കണ്ടെത്തി, കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ രണ്ടുപേരേയും വകവരുത്തി. മരണാസന്നയായി കിടക്കുമ്പോഴും അവളോടുള്ള അയാളുടെ കലി അടങ്ങിയിരുന്നില്ലാ. അവളുടെ ശരീരത്തിലെ അവസാന തുടിപ്പും നിലയ്ക്കുന്നത് വരെ ഒരു ഇറച്ചിവെട്ടുകാരന്‍റെ ലാഘവത്തോടെ അവന്‍ അവളെ  കൊത്തിഞ്ഞുറുക്കി. പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും താന്‍ ചെയിതത് ഒരു തെറ്റായിരുന്നൂ എന്ന് അയാള്‍ക്ക് ഒരിക്കലും തോന്നിയിട്ടില്ല്. പക്ഷേ തനിക്കെങ്ങിനെ രണ്ട് ജീവനെടുക്കാന്‍ കഴിഞ്ഞു എന്നത് അയാള്‍ക്ക് ഇന്നും അത്ഭുതമാണ്‍.

          ബസില്‍ നിന്നും ഇറങ്ങിയ അയാള്‍ അടുത്ത് കണ്ട ഒരു ലോഡ്ജിലേക്ക് നീങ്ങി. ലോഡ്ജ് മാനേജറുടെ കയ്യില്‍ നിന്നും കീയ്യും വാങ്ങി മുകളിലേക്ക് പോകുമ്പോള്‍ അയാല്‍ മനസില്‍ എന്തോ ഉറപ്പിച്ചിരുന്നൂ. റൂമില്‍ കയറി വാതില്‍ അടച്ചതിനുശേഷം അയാള് ഒരു കടലാസ് തുണ്ടേടുത്ത് അതില്‍ എന്തോ എഴുതുവാന്‍ തുടങ്ങി…….. “എന്‍റെ പ്രീയ അമ്മയ്ക്ക് അമ്മ ഇത്രയും നാള്‍ ജീവിച്ചിരുന്നത് തന്നെ ഒരിക്കല്‍ കൂടി എന്നെ സ്വതന്ത്രനായി കാണാനാണ്‍ എന്ന് എനിക്കറിയാം. പക്ഷേ വയ്യ അമ്മേ എനിക്ക്, ഒരു കൊലപാതകിയായി ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ എനിക്ക് വയ്യാ. ചെയ്ത തെറ്റിന്‍റെ വിധി (അത് എനിക്കിന്നും ശരിതന്നെയാണ്‍). അനുഭവിച്ചതിനുശേഷം മതി  എന്ന് കരുതിയത് കൊണ്ട് മാത്രമാ ഇത്രേം വൈകിയത്. ഇനി വയ്യ അമ്മേ, അമ്മയെ ഒരു നോക്ക് കണ്ടിട്ട് മരിക്കണം എന്നതാണ് എന്‍റേയും ആഗ്രഹം. അമ്മയെ കണ്ടാല്‍ ഒരുപക്ഷേ എനിക്ക് അതിനു കഴിഞ്ഞെന്ന് വരില്ലാ. എന്നോട് ക്ഷമിക്കൂ അമ്മേ ഞാന്‍ പോകുന്നൂ……….”

          പിന്നെ ഒട്ടും താമസിച്ചില്ലാ, ആ ലോഡ്ജ് റൂമിലെ ഫാനില്‍ ഒരുമുഴം കയറില്‍ സ്വന്തം ജീവിതം അയാള്‍ കുരുക്കുമ്പോഴും അയാളുടെ മനസില്‍ അമ്മയുടെ മുഖം മാത്രമായിരുന്നൂ. കുരുക്ക് മുറുകുമ്പോള്‍ അയാള്‍ക്ക് തന്‍റെ അമ്മയെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നൂ. അമ്മയെ ഒരു നോക്ക് കാണാതെ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചാല്‍ അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാവുമെന്ന് അയാളുടെ മനസ് വിലപിക്കുന്നുണ്ടായിരുന്നൂ. എങ്ങിനെയെങ്കിലും ഈ കുരുക്കില്‍ നിന്നും രക്ഷപെടാന്‍ അയാല്‍  ശ്രമിച്ചു, പക്ഷേ കുരുക്ക് കൂടുത്തല്‍ മുറുകുന്നതല്ലാതെ ഒന്നും നടന്നില്ലാ. ഒന്നുറക്കെ അലറിവിളിക്കണമെന്നുണ്ടായിരുന്നൂ അയാള്‍ക്ക്. പക്ഷേ അതിനും സാധിക്കുന്നില്ലാ. ഇല്ലാ ഇനി രക്ഷയില്ലാ മരണത്തിന്‍റെ വായില്‍ നിന്നും ഇനി ഒരു തിരിച്ചുവരവില്ലാ. പ്രാണന്‍ പോകുന്നതിന്‍റെ വേദന സഹിക്കാനാവുന്നില്ലാ, രക്ഷപെടാനുള്ള അവസാന ശ്രമമെന്നനിലയില്‍ അയാളുടെ കൈകള്‍ ചുറ്റും പരതുന്നുണ്ടായിരുന്നൂ. കൈകള്‍ എവിടെയൊക്കെയോ തടഞ്ഞൂ  ആരൊക്കെയോ അയാളെ പിടിക്കുന്നൂ. ഒന്നും വ്യക്തമാവുന്നില്ലാ. കണ്ണ് തുറന്ന് നോല്‍ക്കുമ്പോള്‍ ചുറ്റും ആള്‍ക്കാര്‍ . താന്‍ എവിടെയാ? താന്‍ മരിച്ചോ അതോ ഇത് ആശുപത്രിയാണോ? അയാല്‍ക്ക് ഒന്നും വ്യക്തമാവുന്നില്ലാ. “താങ്കള്‍ക്ക് എന്താ പറ്റിയത്? ഹോസ്പിറ്റലില്‍ പോകണമോ?” കൂട്ടത്തിലൊരാളുടെ ചോദ്യം. അപ്പോഴേക്കും ഏറെക്കുറേ അയാല്‍ക്കും സ്ഥലകാല ബോധം ഉണ്ടായി, ഇത് താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസിനകം ആണെന്നും, താന്‍ കണ്ടതെല്ലാം സ്വപ്നം മാത്രം ആയിരുന്നെന്നും, അടുത്ത മൂന്നു നാലുസ്റ്റോപ്പൂകള്‍ക്കുള്ളില്‍ തനിക്ക് തന്‍റെ നാട്ടിലെത്താമെന്നും അമ്മയെ കാണാമെന്നുമുള്ള തിരിച്ചറിവ് അയാള്‍ക്ക് ഒരു പുതുജീവന്‍ ലഭിച്ച പ്രതീതിയായിരുന്നൂ. ഇത്തരത്തില്‍ ഒരു സ്വപ്നം തനിക്ക് കാണിച്ച് തന്ന ദൈവത്തിന്‍ അയാള്‍ നന്ദി പറഞ്ഞൂ. ഒരു പക്ഷേ ഇങ്ങിനൊരു സ്വപ്നം കണ്ടില്ലായിരുന്നെങ്കില്‍, അയാളത് യാഥാര്‍ദ്യമാക്കുമായിരുന്നൂ. ബസ് പിന്നേം മുന്നോട്ട് നീങ്ങിത്തുടങ്ങി ഒപ്പം പുതിയൊരു ജീവിതത്തിലേക്കായി അയാളുടെ മനസും…………………

കാമുകി



പ്രീയപ്പെട്ടവരെ എല്ലാം ഉപേക്ഷിച്ച് അവളോടൊപ്പം പോകുമ്പോള്‍ എന്‍റെ മനസിലാകെ  ഒരു കുളിര്‍മ ആയിരുന്നൂ, എന്തൊക്കെയോ നേടിയതിന്‍റെ ഒരു സമാധാനം ആയിരുന്നൂ. ഇനിയൊരിക്കലും തന്‍റെ പ്രീയപ്പെട്ടവര്‍ക്കടുത്തെത്താന്‍ കഴിയില്ലാ എന്ന ഓര്‍മ ഒത്തിരി വേദനപ്പെടുത്തിയെങ്കിലും, ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നൂ. വളരെയേറെയായി മനസിലിട്ട് താലോലിച്ചിരുന്നൊരു മോഹമായിരുന്നൂ ഈ സമാഗമം. കൌമാരത്തില്‍ പലപ്പോഴായി പല മുഖങ്ങളെയും ഇഷ്ട പെട്ടെങ്കിലും, ആരുടെയും പ്രണയം സമ്പാദിച്ചിരുന്നില്ല, എന്‍റെ മോഹങ്ങളെല്ലാം വെറും മോഹങ്ങള്‍ മാത്രമായി അവസാനിക്കുകയായിരുന്നൂ. ആദ്യമായിട്ടാ എന്‍റെ പ്രണയം സഫലീകരിക്കുന്നത്.  ജീവിതത്തില്‍ ഒരിക്കലും ഞാന്‍ എന്‍റെ സുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടില്ല, അതിനു കഴിഞ്ഞിട്ടില്ല എന്നതാവാം സത്യം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൂടി കൂടി വന്നപ്പോള്‍ എനിക്കൊരിക്കലും സ്വന്തം കാര്യം നോക്കാന്‍ കഴിഞ്ഞിട്ടില്ലാ. എന്നും കണക്കുകൂട്ടലുകള്‍ മാത്രമായിരുന്നൂ ആകെയുള്ള ഒരു കൂട്ട്. കണക്ക് കൂട്ടലുകളൊന്നും ശരിയായില്ലെങ്കിലും പിന്നെയും കൂട്ടിക്കൊണ്ടിരുന്നൂ എന്നെങ്കിലുമൊരിക്കല്‍ എന്‍റെ കണക്ക് കൂട്ടലും ശരിയാവുമെന്ന പ്രതീക്ഷയില്‍.

എന്‍റെ ഓര്‍മകളിലെല്ലാം തന്നെ ഞാന്‍ അവളെ വെറുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പ്രീയപ്പെട്ടവരെ എല്ലാം എന്നില്‍ നിന്നും അകറ്റിയ അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാന്‍ കഴിയുമായിരുന്നില്ലാ. തനിക്ക് ഇഷ്ടം തോന്നുന്നവരോടെല്ലാമൊപ്പം രമിക്കുന്ന അവളോട് എനിക്ക് അറപ്പും വെറുപ്പും ആയിരുന്നൂ. തന്നെ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം ആല്ലാ മറിച്ച്, താന്‍ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം മാത്രമേ രമിക്കൂ എന്നതാ അവളെ ഒരു വേശ്യ എന്ന് വിളിക്കാന്‍ എന്നെ പ്രേരിപ്പിക്കാത്തത്. ജീവിതത്തിന്‍റെ പല ഘട്ടങ്ങളില്‍ പലരും അവളോടൊപ്പം രമിക്കാന്‍ കൊതിച്ചിട്ടുണ്ടാവാം, എന്നാല്‍ അവള്‍ തനിക്കിഷ്ടപ്പെട്ടവരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ. ഭോഗത്തിന്‍ പ്രായം ഒരു പ്രശ്നമേ അല്ലാ എന്നത് ഞാന്‍ അറിയുന്നത് അവളിനിന്നാണ്‍ . ഞാനും എങ്ങിനൊക്കെയോ അവളെ പ്രേമിച്ച് തുടങ്ങുവായിരുന്നൂ, അവളെ പരിണയിച്ചാല്‍ പിന്നീടൊരിക്കലും എനിക്ക് പഴയത് പോലെ ആവാന്‍ കഴിയില്ലെന്ന്  അറിയാമായിരുന്നിട്ടും എന്‍റെ ഈ ജീവിതം തന്നെ ഞാന്‍ അവള്‍ക്ക് അടിയറവെയ്ക്കേണ്ടി വരുമെന്നറിഞ്ഞിട്ടും,  എന്നിട്ടും ഞാനെന്തിനത് ചെയിതൂ? കെട്ടുപ്രായം തികഞ്ഞ് നില്‍ക്കുന്ന പെങ്ങള്‍മാരെ കെട്ടിച്ചയക്കാന്‍, സ്വന്തമായി ഒരു വീട് എന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍, അച്ഛന്‍റെ ചികിത്സ മുടങ്ങാതിരിക്കാന്‍ എനിക്ക് അവളെ സ്വീകരിക്കാതെ തരമില്ലായിരുന്നൂ. ഒത്തിരി ആലോചിച്ചതിനു ശേഷം ആണ്‍ ആ തീരുമനം എടുത്തത്. പിന്നെ എങ്ങിനെയും അവളെ എന്നില്‍ അനുരക്തയാക്കാനുള്ള ശ്രമമായിരുന്നൂ. അതും പക്ഷേ ഞാനായിട്ട് ഒരിക്കലും അങ്ങോട്ട് കയറി ചെന്നതല്ലാ, മറിച്ച് ഞാന്‍ അവളുടെ ചതിയില്‍ വീണു പോയതാണെന്ന് എനിക്ക് എല്ലാരെയും ബോധ്യപ്പെടുത്തുകയും വേണമായിരുന്നൂ. അതുകൊണ്ട് തന്നെയാണ്‍ അവള്‍ക്കിണയാവാന്‍ തീരുമാനിച്ചിട്ടും പിന്നെയും നല്ലൊരു അവസരത്തിനായി ഞാന്‍ കാത്തിരുന്നത്. ഒടുവില്‍ ഇന്നാണ്‍ അതിനൊരു അവസരം കിട്ടിയത്, ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന ഒരു തമിഴ്നാട് രജിസ്ട്രേഷന്‍ ലോറിക്കടിയിലേക്ക് ഞാന്‍ അറിഞ്ഞുകൊണ്ട് തന്നെ എന്‍റെ ബൈക്ക് ഓടിച്ച് കയറുകയായിരുന്നൂ. ഭാഗ്യം, അവള്‍ എന്നെ കൈവിട്ടില്ലാ, ഒന്നോ രണ്ടോ മിനുട്ടുകള്‍, അതിനപ്പുറം എനിക്ക് അവള്‍ക്കായി കാത്തിരിക്കേണ്ടി വന്നില്ലാ, അവളണിയിച്ച മരണമാല്യം കഴുത്തിലേറി അവളുടെ പിന്നാലെ പോവുമ്പോളും എന്‍റെ മനസില്‍ കണക്കു കൂട്ടലുകള്‍ നടക്കുകയായിരുന്നൂ, വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും, എല്‍. ഐ. സി. യില്‍ നിന്നുമെല്ലാം എന്‍റെ വീട്ടുകാര്‍ക്ക് ലഭിക്കാന്‍ പോകുന്ന തുകയെ കുറിച്ച് ......... ഈ കണക്ക് കൂട്ടലെങ്കിലും ശരിയായാല്‍ മതിയായിരുന്നൂ..............!!